
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് പിന്നാലെ, യുവ നടി ശ്രീത ശിവദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉളിയന്നൂരുള്ള നടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പോലീസ് നടിയില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. ദിലീപിനൊപ്പം വിദേശ ഷോകളിലൊന്നും പങ്കെടുത്തിട്ടില്ല.

മാത്രമല്ല ഒരുമിച്ച് ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും ശ്രീത മൊഴി നല്‍കി. തന്റെ വിവാഹത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതായും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ പലതവണ വിളിച്ചതായും നടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന ദിവസമാണ് ആക്രമിക്കപ്പെട്ട നടി ശ്രീതയുടെ വീട്ടില്‍ താമസിച്ചത് . ഇതേത്തുടര്‍ന്നാണ് ശ്രീതയുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
