
കൊച്ചി: കൊച്ചിയില്‍ കാറിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രിൽ അഞ്ചിന് തുടങ്ങും.
കേസിലെ മുഖ്യപ്രതി സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരായി. ഗൂഡാലോചന കേസിൽ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. എല്ലാ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്. കേസിന്‍റെ വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നൽകിയ നിർദ്ദേശം.
അതേസമയം, കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിന്‍റെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിൻ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
