ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 22ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. എ.വി.വര്‍ഷയാണ് ഹര്‍ജി നല്‍കിയത്. യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരെ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹര്‍ജിക്കൊപ്പം, യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. 
ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവര്‍മ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികള്‍ കയറിയാല്‍ നടയടയ്ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു. അതേസമയം നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം തുടരുകയാണ്. വിശദീകരണം തേടുമെന്നു ദേവസ്വം കമ്മിഷണറും അതു സംബന്ധിച്ച് തീരുമാനമെടുമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു പറഞ്ഞു.