കോട്ടയം: നടന്‍ വിജയരാഘവന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അറിയിച്ചു. തന്നെപ്പറ്റി ഇത്തരം ഒരു വാര്‍ത്ത പരന്നതിന്റെ പശ്ചാത്തലത്തില്‍ വിജയരാഘവന്‍ നേരിട്ട് ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. വിജയരാഘവന്റെ വ്യാജ മരണ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇന്നലെ മുതല്‍ പ്രചരിച്ചത്.

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രം ഉപയോഗിച്ച് വിജയരാഘവന്‍ അപകടത്തില്‍പെട്ട് മരിച്ചുവെന്നായിരുന്നു വ്യാജ വാര്‍ത്ത. ആംബുലന്‍സിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത. എന്നാലിത് സിനിമയിലെ രംഗമാണെന്നും ഇത് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡി.ജി.പിക്കു പരാതി നല്‍കിയത്.