നഗര ശുചീകരണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് നഗരസഭാ അംഗങ്ങള്‍; കുമിഞ്ഞ് കൂടിയ കുപ്പിച്ചില്ലടക്കമുള്ള മാലിന്യങ്ങള്‍ ആദ്യപടി നീക്കം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing നഗര ശുചീകരണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് നഗരസഭാ അംഗങ്ങള്‍; കുമിഞ്ഞ് കൂടിയ കുപ്പിച്ചില്ലടക്കമുള്ള മാലിന്യങ്ങള്‍ ആദ്യപടി നീക്കം ചെയ്തു

കാസര്‍കോട്: ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗരശുചീകരണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് നഗരസഭ. രാവിലെ മുതല്‍തന്നെ ചെര്‍പേഴ്‌സണ്‍ അടക്കമുള്ള വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും തൊഴിലാളികളും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി. അങ്ങിങ്ങ് അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന കുപ്പിച്ചില്ലടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി എല്ലാവരും കൈകോര്‍ത്തപ്പോള്‍ വനിതാംഗങ്ങളുടെയും ആത്മവിശ്വാസം വര്‍ധിച്ചു. ആഘോഷങ്ങളോടെ ചിലര്‍ നടത്തുന്ന ശുചീകരണത്തില്‍ നിന്നും വ്യത്യസ്തമായായിരുന്നു ഇവരുടെ ഈ ശുചീകരണം എന്നതും ശ്രദ്ദേയം. കാസര്‍കോട് നഗരസഭ പരിധിയില്‍ മാലിന്യ നിക്ഷേപ സംസ്‌കരണ സ്ഥലം ഇല്ലാത്തതും കേളുഗുഡ്ഡെയിലെ സ്ഥലത്ത് പ്ലാനറ്റ് സ്ഥാപിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കാത്തതും നഗരസഭയെ മാലിന്യ സംസ്‌കരണത്തില്‍ പ്രതിസന്ധിയിലാക്കുകയാണ്. നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പെടുത്തികൊണ്ട് വ്യാപാരികളുമായി സഹകരിച്ചതോടെ മാലിന്യത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. എന്നാലും സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ് അതിനായി ശ്രമങ്ങള്‍ തുടരുന്നു എന്ന് നഗരസഭാ പറയുന്നു. നഗരസഭ ചെര്‍പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് വനിതാ അംഗങ്ങള്‍ കൈമേല്‍ മറന്ന് ശ്രമദാനം നടത്തിയത്. ശുചീകരണ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണെന്നത് എല്ലാവരും ഓര്‍ക്കണമെന്ന് അധ്യക്ഷ ബീഫാത്തിമാ ഇബ്രാഹിം പറഞ്ഞു. നഗരത്തില്‍ നിന്നും മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ എല്ലാവരും നഗരസഭയുമായി സഹകരിക്കണം. പൊതുസ്ഥലം ശുചീകരിക്കേണ്ടത് എന്റെ ബാധ്യതയാണെന്ന് ഓരോരുത്തരും സ്വയം മനസിലാക്കണം. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്നും വ്യാപാരികള്‍ പിന്മാറണമെന്നും അവര്‍ ചാനല്‍ ആര്‍.ബി യോട് പറഞ്ഞു. നഗരസഭാ സെക്രട്ടറി സജി കുമാര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വി.എം മുനീര്‍, നൈമുന്നിസ, സമീന മുജീബ്, നഗരസഭാ അംഗങ്ങളായ മുജീബ്, രഹാന, സിയാന ഹനീഫ്, റംസീന, ഉമാ, ദുര്‍ഗാപ്പ, റഷീദ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഉസ്മാന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുര്‍ജിത്, സുധീര്‍.ടി, അജേഷ് എ.ആര്‍ തുടങ്ങിയവരും പങ്കാളികളായി. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ശുചീകരണം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

0Shares