
കാസര്‍കോട്: കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്നില്‍ പണിത അപ്പാര്‍ട്ട്‌മെന്റ് പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവിട്ടതിന് പിന്നാലെ നോട്ടീസിലെ വസ്തുതകള്‍ തെറ്റാണെന്ന് ആരോപിച്ചുകൊണ്ട് കെട്ടിട ഉടമ രംഗത്തെത്തി. തന്റെ ഉടമസ്ഥതയില്‍ ഉള്ള അബ്ലസ് അപ്പാര്‍ട്ട് മെന്റ് എന്ന കെട്ടിടം മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന ആരോപണം ശരിയല്ല എന്ന് ഉടമ എന്‍.എ അബ്ദുള്‍ ഖാദിര്‍ പറയുന്നു. പ്രസ്തുത കെട്ടിടത്തിനെതിരെ ചില തല്പരകക്ഷികള്‍ തന്നോടുള്ള വിരോധത്താല്‍ തെറ്റായ പരാതികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇദ്ദേഹം നഗരസഭയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
2012ല്‍ ഗവ:സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നഗരസഭാ സെക്രട്ടറി കെട്ടിടം പരിശോധിക്കുകയും ലംഘനം ഇല്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ചതിനും താമസയോഗ്യതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റും നല്‍കിയത് എന്‍.എ അബ്ദുള്‍ ഖാദിര്‍ തന്റെ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുകയും പതിനഞ്ച് കുടുംബങ്ങള്‍ അതില്‍ എഴു വര്‍ഷമായി താമസിക്കുകയും ചെയ്യുമ്പോള്‍ തനിക്കും കെട്ടിടത്തിനുമെതിരെ ഉയരുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിന്മേല്‍ പ്രാഥമിക പരിശോധനപോലും നടത്താതെ നിയമ നടപടി സ്വീകരിക്കുന്നത് കഷ്ടനഷ്ടങ്ങളും മാനസിക പ്രയാസവും ഉണ്ടാക്കുന്നതായി അദ്ദേഹം അറിയിക്കുന്നു.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാടെ ലംഘിച്ച് മുകളിലേക്ക് നിലകള്‍ പണിതതിനെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനും മന്ത്രിക്കും പരാതി പോയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിട നിര്‍മാണത്തില്‍ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സിനെ ഏല്‍പിച്ചിരുന്നു. നിയമ ലംഘനം നടന്നതായിവിജിലന്‍സ് കണ്ടെത്തുകയും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടത്തിനെതിരേ അടിയന്തിര നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് ഉത്തരവ് നല്‍കുകയും കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭ നോട്ടീസ് നല്‍കുകയും ചെയ്തത്.
മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ചതിനാല്‍ കെട്ടിടം പൊളിച്ചു നീക്കണം എന്നും അല്ലാതെ സംഭവിക്കാന്‍ കാരണം ഉണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച് 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നും ഈ മാസം 9ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 21നാണ് കെട്ടിട ഉടമയ്ക്ക്നോട്ടീസ് അയച്ചത്. ഈ നോട്ടീസിനുള്ള മറുപടിയിലാണ് നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് പറഞ്ഞുകൊണ്ട് ഉടമ വന്നിട്ടുള്ളത്.
