നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം നവീകരിച്ചു; ചെലവഴിച്ചത് 7 ലക്ഷം രൂപ; ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം നവീകരിച്ചു; ചെലവഴിച്ചത് 7 ലക്ഷം രൂപ; ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

കാസർകോട്: ഇടക്കിടെ തകരാറിലായി വൻതോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കാസർകോട് പ്രസ്സ്ക്ലബ് ജംഗ്ഷനിലെ ട്രാഫിക് നിയന്ത്രണ സിഗ്നൽ സംവിധാനം നവീകരിച്ചു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് സുൽത്താൻ ഗ്രൂപ്പ് ട്രാഫിക് സംവിധാനം നവീകരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഐ.പി.എസ് പ്രവർത്തിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

2010ൽ പത്ത് ലക്ഷം രൂപ മുടക്കിയാണ് സുൽത്താൻ ഗ്രൂപ്പ് കാസർകോട് ആദ്യമായി ട്രാഫിക് സിഗ്നൽ സംവിധാനം പരസ്യ ബോർഡോടുകൂടി നിർമ്മിച്ചത്. ആദ്യം വാഹന യാത്രക്കാർക്ക് ഏറെ ഉപകാരമായിരുന്നെങ്കിലും ഇടക്കിടെ തകരാറിലാകുന്നതിനാൽ ഗതാഗത തടസത്തിന് ഇടയാക്കിയിരുന്നു. വൈദ്യുതി മുടങ്ങിയാലും സിഗ്‌നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. ഇതോടെ ട്രാഫിക് പോലീസിന് ദിവസവും ഗതാഗതനിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നു.

ഗതാഗത തടസം യാത്രക്കാരിൽ വലിയ അമർഷവും ഉണ്ടാകാനിടയായി. സ്വകാര്യ സ്ഥാപനം സ്ഥാപിച്ച സിഗ്നൽ സംവിധാനമായതിനാൽ വകുപ്പ് അധികാരികൾക്ക് നിയമ പ്രശ്‌നം അറ്റകുറ്റ പണിക്ക് തടസമായിരുന്നു. യാത്രക്കാരുടെ ദുരിതം മനസ്സിലാക്കിയാണ് ട്രാഫിക് സംവിധാനം ആധുനിക സംവിധാനത്തോടെ സുൽത്താൻ ഡയമണ്ട്സ്‌ ആൻറ് ഗോൾഡ് നവീകരിച്ചത്. ടൈമർ, കാൽനട യാത്രക്കാർക്ക് അലാറം, നൂതനമായ ഡി.സി.യിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഇൻവെർട്ടർ എന്നിവയാണ് പുതുക്കിയ ട്രാഫിക് സിഗ്നൽ സംവിധാനം.

സുൽത്താൻ ഗ്രൂപ്പ് എം.ഡി. ഡോ. ടി.എം.അബ്ദുൽ റഹൂഫ്, ട്രാഫിക് എസ്.ഐ ടി.രഘുത്തമൻ, എം.വി.ഐ. ടി. വൈകുണ്ഠൻ, ട്രാഫിക് എ.എസ്.ഐ സദാശിവൻ, ഹനീഫ നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു. ഡോ.ടി.എം. അബ്ദുൽ റഹൂഫിന് കേരള പോലീസിന്‍റെ ഉപഹാരം നൽകി. ഈ ട്രാഫിക് സംവിധാനത്തിന്‍റെ സംരക്ഷണത്തിനായി രണ്ട് ലക്ഷം രൂപ വർഷംതോറും ചെലവഴിക്കുമെന്ന് സുൽത്താൻ ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.

 

0Shares