കാസർകോട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടന്ന ധനസമാഹരണയജ്ഞത്തിൽ കാസർകോട് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 2.56 കോടി രൂപ. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി വെള്ളരിക്കുണ്ട്, കാസർകോട്, ഹൊസ്ദുർഗ്, മഞ്ചേശ്വരം താലൂക്കുകളിൽ നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ലഭിച്ചത്. വ്യാഴാഴ്ച വെള്ളരിക്കുണ്ട് കാസർകോട് താലൂക്കുകളിൽ നടന്ന ധനസമാഹരണത്തിൽ ആകെ തുക 84,74127 രൂപയാണ് ലഭിച്ചത്.ശനിയായഴ്ച ഹൊസ്ദുർഗ് , മഞ്ചേശ്വരം താലൂക്കുകളിൽ നടന്ന ധനസമാഹരണത്തിൽ 17,16531 രൂപയാണ് ലഭിച്ചത്. ഹൊസ്ദുർഗിൽനിന്നും 1,18,08391 രൂപയും മഞ്ചേശ്വരത് നിന്നും 53,53140 രൂപയാണ് ശേഖരിക്കാനായത്. ഉപ്പളയിൽ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ധനസമാഹരണത്തില്‍ ചെറുകോളി ഭദ്രിയ ജുമാ മസ്ജിത് ഭാരവാഹികളാണ് ആദ്യ തുക കൈമാറിയത്. 1.76 ലക്ഷം രൂപയായിരുന്നു ഇവര്‍ മന്ത്രിയെ ഏല്‍പ്പിച്ചത്. രണ്ടാമതായി ഒരു ലക്ഷം രൂപയുടെ ചെക്ക് മലബാര്‍ ഇസ്പാറ്റ് എം.ഡി മുഹമ്മദ് കൈമാറി. തുടര്‍ന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് 6,31,060 രൂപയും നല്‍കി. മഞ്ചേശ്വരം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കി.
മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് നാലു ലക്ഷവും പൈവളിഗെ 2.20 ലക്ഷം രൂപയുമാണ് നവകേരള സൃഷ്ടിക്കായി മന്ത്രിയെ ഏല്‍പ്പിച്ചത്. പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപയും എന്‍മകജെ ഗ്രാമ പഞ്ചായത്ത് 74,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 500 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നാടിനായി നല്‍കി. വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയും കൈമാറി.എസ്. ബി .ഐ, കാനറ, ഗ്രാമീണ്‍ ബാങ്കുകളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിരുന്നു. പി.ബി അബ്ദുള്‍റസാഖ് എം.എല്‍.എ, സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി കെ.ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ കളക്ടര്‍ ഡോ:ഡി.സജിത് ബാബു, ആര്‍.ഡി.ഒ അബ്ദുസമദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കുകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞം അവസാനിച്ചെങ്കിലും എത്ര ചെറിയ തുകയാണെങ്കിലും ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നേരിട്ട് സമര്‍പ്പിക്കാമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പണമായി രാവിലെ 10 മുതല്‍ അഞ്ചു വരെ കളക്ടറേറ്റില്‍ സ്വീകരിക്കും. ചെക്ക്, ഡിഡി എന്നിവ ഏതു സമയവും നല്‍കാവുന്നതാണെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ 4,23,16,772 രൂപ ലഭിച്ചു കഴിഞ്ഞു. 
ധനസമാഹരണയജ്ഞം; രണ്ട് ദിവസംകൊണ്ട് കാസർകോട് ജില്ലയിൽനിന്ന് മാത്രം ലഭിച്ചത് 2.56 കോടി രൂപ