കോഴിക്കോട്: പണം ചോദിച്ചുവന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിള(52)യാണ് പുലര്‍ച്ചെ നാല് മണിയോടെ മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് സംഭവം. സജിയുടെ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതന്‍ മുഖത്ത് മുളക്പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നീട് അക്രമി കെട്ടിടത്തിന്റെ പിന്നിലൂടെ രക്ഷപെടുകയായിരുന്നു.
പോലീസ് ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം നടത്തിവരികയാണ്. ശനിയാഴ്ച മൂന്ന് ലക്ഷത്തിന്റെ വായ്പ ആവശ്യപ്പെട്ട് സജിയുടെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മതിയായ തിരച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വായ്പ നല്‍കാന്‍ തയ്യാറാകാതിരിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് ഇന്നലെ സജി തന്നെ ബന്ധുക്കളോട് പറഞ്ഞു. തീ കൊളുത്തിയ സുമേഷ് എന്നയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 60 ശതമാനത്തോളം പൊള്ളലേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ മരിക്കുകയായിരുന്നു.സജിയുടെ സംസ്‌കാരം രണ്ട് ദിവസത്തിന് ശേഷമാകും.
ധനകാര്യ സ്ഥാപന ഉടമയെ പണം ചോദിച്ചുവന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; സ്ഥാപന ഉടമ മരിച്ചു