ദൈവവഴിയിൽ തിരിതെളിച്ച അന്തിത്തിരിയച്ഛൻ; നാട്ടുകാർക്കെന്നും ആദരവുള്ള ഈ അച്ഛൻ ഓർമയാകുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing ദൈവവഴിയിൽ തിരിതെളിച്ച അന്തിത്തിരിയച്ഛൻ; നാട്ടുകാർക്കെന്നും ആദരവുള്ള ഈ അച്ഛൻ ഓർമയാകുന്നു

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ആചാരാനുഷ്ഠാനങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച്‌ ദൈവവഴിയിൽ തിരിതെളിച്ച കണ്ണൻ അന്തിത്തിരിയച്ഛൻ സ്നേഹം നിറഞ്ഞ സാമിപ്യമാണ് നാട്ടുകാർക്ക് നല്‍കിയത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. കുട്ടികളോടെന്നപോലെ വീട്ടിൽ തന്നെ കാണാൻ വരുന്നവരോടെല്ലാം ചെറിയ പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തി കഴിയവെ ഇക്കഴിഞ്ഞ സെപ്തംബർ 11 ന് തിരുവോണ ദിവസം രാവിലെയാണ് തൊണ്ണൂറ്റിയഞ്ചാമത്തെ വയസിൽ അദ്ദേഹം വിടവാങ്ങിയത്.

കുടുംബക്കാരെല്ലാം ജില്ലയുടെ കിഴക്ക് കർണാടക അടപ്പംകയയിലാണെങ്കിലും അരനൂറ്റാണ്ടിലധികമായി കുറ്റിക്കോൽ, ഞെരുവിലാണ് താമസം. മലയോരത്ത് ആതുരസേവനത്തിന് ആശുപത്രികളും ഡോക്ടർമാരും ഇല്ലാതിരുന്ന കാലത്ത് പാരമ്പര്യ നാട്ടുവൈദ്യനായിരുന്ന അദ്ദേഹം സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ചികിത്സ നൽകി രോഗശാന്തി വരുത്തി. അദ്ദേഹത്തെ പോലുള്ളവരുടെ നാട്ടുവൈദ്യം കൊണ്ട് നിരവധി പ്രാണനുകളെയാണ് രക്ഷിക്കാനായതെന്ന് പഴമക്കാർ പറയുന്നു.

കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ ഏറെക്കാലം ആചാരം കൊണ്ട് അന്തിത്തിരിയനായി പ്രവർത്തിച്ചു വരികയായിരുന്നു. ദിവസവും കുളിച്ച്‌ ചന്ദനമുട്ടികൊണ്ട്  കല്ലിൽ ഉരച്ചെടുത്ത ചന്ദനത്താല്‍   ദേഹത്ത് ഇരുപത്തൊന്ന് ആചാരകുറി വരച്ചുതൊഴുത്‌ മൂന്നുമുണ്ടും ധരിച്ച് കൃത്യനിഷ്ഠയോടെയുള്ള ജീവിതചര്യയിൽ മനുഷ്യായുസിൽ പറ്റാവുന്നത്രയും ദേഹവും മനസും ശുദ്ധീകരിച്ചു. കളിയാട്ടം, പൂരം തുടങ്ങിയ ആഘോഷപരിപാടികൾക്ക് തന്‍റെ ഗുരുനാഥൻ നേതൃത്വം നൽകിയതും സമുദായത്തിലെ വീടുകളിലെ വിവിധ ചടങ്ങുകൾക്ക് നിറസാന്നിധ്യമായതും ഭഗവതി ക്ഷേത്രത്തിലെ സത്യൻ കാരണവർ ഇന്നും സ്മരിക്കുന്നു. കുലത്തൊഴിലായ തെങ്ങ് ചെത്ത് തൊഴിൽ ജീവിത പ്രാരാബ്ധങ്ങളിൽ ഉപജീവനമാക്കി ഭാര്യയും എട്ടുമക്കളുമടങ്ങുന്ന വലിയ കുടുംബത്തെ അല്ലലില്ലാതെ നോക്കി.

അന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ തിരിതെളിയിച്ച്‌ ദേവിക്ക് മുന്നിൽ കൈകൂപ്പി എല്ലാവർക്കും ആയുർ-ആരോഗ്യസൗഖ്യം പ്രദാനം ചെയ്യണമെന്ന് പ്രാർത്ഥിക്കുകയും തന്‍റെ കിടപ്പാടത്തിലേക്ക് കൂരിരുളിൽ ചൂട്ടും കത്തിച്ച് വിജനമായ ഊടുവഴികളൂടെ നടന്നുപോകുമ്പോൾ ആത്മബലം തരണമെന്നും മനസ്സുരുകി പറഞ്ഞ പഴയ കാലം ഇന്നത്തെ തലമുറകൾക്ക് അറിയണമെന്നില്ല. ജീവിതത്തിന്‍റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി ശരിയെന്ന് മനസ്സിന് തോന്നുന്നത് മാത്രം പ്രവർത്തിച്ചു. തന്‍റെ എല്ലാ ദുഃഖങ്ങളും സങ്കടങ്ങളും മനസിനുള്ളിൽ ഒളിപ്പിച്ചുവച്ചു. ക്ഷേത്രത്തിലെ ആചാരക്കാരനായിരുന്നതിനാൽ ആരുടെയും തെറ്റായ വാക്കുകൾക്കും പ്രവൃത്തികൾക്കും ഒരിക്കലും വഴിപ്പെടാതെ ‘അമ്മ അഥവാ ദേവി’ എന്ന സത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് നാട്ടുകൂട്ടായ്‌മയ്‌ക്കൊപ്പം ജീവിച്ചു. ആരുടെ മുമ്പിലും തലകുനിക്കാതെ നിൽക്കാനും ശരിയായ നിലപാട് പറയാനും ജീവിതത്തിൽ മാതൃകയാകാനും കഴിഞ്ഞു. മനുഷ്യമനസുകളിൽ നാട്ടുകാർക്കെന്നും ആദരവുള്ള ഈ അച്ഛൻ ഓർമയാകുന്നു.

0Shares