കണ്ണൂര്‍: തിന്മകളുടെ ആസുര കാലത്തുനിന്നും കേരളീയ മനസ്സാക്ഷിയെ പിടിച്ചുലച്ച മറ്റൊരു വാര്‍ത്ത. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാരുടെ വിളയാട്ടം! ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്ന് നാം വിശ്വസിക്കുന്ന ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് പേടി സ്വപ്‌നമായി മാറുകയോ? ഉവ്വ്, സാക്ഷര കേരളം-പ്രബുദ്ധ കേരളം-സുന്ദര കേരളം എന്നൊക്കെ വിശേഷിപ്പിച്ച് നാം ഊറ്റം കൊള്ളുന്ന കേരളം അത്തരം ഒരു ദുരന്തത്തിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. ധാര്‍മ്മികച്യുതിയും സദാചാര മൂല്യങ്ങളുടെ തകര്‍ച്ചയും കേരളീയ സമൂഹത്തെ അനുദിനം വരിഞ്ഞ് മുറുക്കുകയാണ്. പ്രമുഖ നടിയെ ആക്രമിച്ച് മാനഭംഗപ്പെടുത്തിയതിന് പിന്നാലെ എട്ടും പൊട്ടും തിരിയാത്ത പതിനാറുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികന്റെ ദുഷ്‌ചെയ്തിയെക്കുറിച്ചുള്ള വാര്‍ത്ത ഭൂമുഖത്തെങ്ങുമുള്ള മലയാളികളെ അങ്ങേയറ്റം വേദനിപ്പിക്കാന്‍ പോന്നതാണ്. നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും അരക്ഷിതമായ ജീവിതാവസ്ഥ നേരിടുകയാണ് എന്നുള്ളതിന്റെ മകുടോദാഹരണമാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം. പൊതു സ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, തൊഴിലിടങ്ങള്‍ എന്നുവേണ്ട സ്വന്തം വീട് പോലും പെണ്‍കുട്ടികള്‍ക്ക് ഇക്കാലത്ത് പേടി സ്വപ്‌നമായി മാറിക്കഴിഞ്ഞു. നാം വിശുദ്ധിയുടെയും പവിത്രയുടെയും പ്രതീകമായി വിശ്വസിക്കുന്ന അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലും മദ്രസയിലും ഏത് നിമിഷമാണ് പെണ്‍വിഭാഗത്തിനെതിരെ പീഡനം ഉണ്ടാകുന്നതെന്ന് പറയാന്‍ വയ്യ…കുപ്രസിദ്ധമായ അഭയക്കേസ് എക്കാലവും കേരളീയരുടെ ഹൃദയത്തെ നോവിപ്പിക്കുന്ന ഓര്‍മയാണ്. കര്‍ത്താവേ! അതിന്റെ പിന്‍തുടര്‍ച്ചയാണോ കൊട്ടിയൂര്‍ പള്ളിയില്‍ അരങ്ങേറിയ സംഭവം? ദൈവത്തിന്റെ പ്രതിപുരുഷന്‍മാരെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ കൊണ്ട് അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ പള്ളീലച്ചന്മാര്‍ക്ക് എന്തുപറ്റി ആവോ?

നമ്മുടെ കഥാപുരുഷന്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരി ആളൊരു കേമന്‍ തന്നെയാണ്! ദീപിക ദിനപത്രം ഫാരിസ് അബൂബക്കറിന്റെ കീഴിലായ 2005-08 കാലഘട്ടത്തില്‍ ആദ്യം പ്രൊഡക്ഷന്‍ മാനേജറാവുകയും പിന്നീട് അതിന്റെ എംഡി യായും പ്രവര്‍ത്തിച്ച ആളാണത്രേ ഫാദര്‍ റോബിന്‍. കര്‍ഷക സംഘടനയായ ‘ഇന്‍ഫാമിന്റെ’ മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയായിരുന്നു. കൂടാതെ കൊട്ടിയൂര്‍ വികസനസമിതിയുടെ ചെയര്‍മാനുമായിരുന്നു. ചൈല്‍ഡ് ലൈന്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രശ്‌നം പുറംലോകം അറിഞ്ഞതോടെ ഫാ. റോബിന്‍ വടക്കുംചേരി ഒളിവില്‍ പോയിരുന്നു. പിന്നീട് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ തൃശൂരില്‍ വച്ചാണ് പോലീസിന്റെ പിടിയിലായത്. പള്ളിയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുരാജ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനി ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് രഹസ്യമായി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വന്‍പ്രതിഫലവുമായി വൈദികന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സമീപിക്കുകയും സംഭവത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമം നടത്തുകയും ചെയ്തു. കുട്ടി ആദ്യം പറഞ്ഞത് പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ്. എന്നാല്‍ വൈദികനാണ് തന്നെ പീഡിപ്പിച്ചതെന്ന കാര്യം പെണ്‍കുട്ടി പിന്നീട് വെളിപ്പെടുത്തി. കുട്ടിയുടെ പ്രസവം മറച്ചുവച്ച ആശുപത്രിക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വൈദികന്‍ മാനേജരായ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. വൈദികനെ തെളിവെടുപ്പിനായി സ്‌കൂളിലേക്കും പള്ളിയിലേക്കും കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ ഇവിടങ്ങളില്‍ തടിച്ചുകൂടി അദ്ദേഹത്തിനെതിരെ ശക്തമായി പ്രതികരിച്ചു.