ദൈവത്തിനും മീതെയോ മന്ത്രി..?

  • Post category:news
  • Reading time:2 mins read
You are currently viewing ദൈവത്തിനും മീതെയോ മന്ത്രി..?

എഡിറ്റോറിയല്‍: പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ മന്ത്രിയാണ് വിവാദ കുരുക്കില്‍ അകപ്പെട്ട് ഇപ്പോള്‍ കേരളീയ സമൂഹത്തിന് മുന്നില്‍ പരിഹാസ്യനായി മാറിയിട്ടുള്ളത്. അടിതെറ്റിയാല്‍ ആനയും വീഴുമെന്നാണല്ലോ പഴമൊഴി.! വൈദ്യുതി മന്ത്രി എം.എം. മണിയെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളും പുകിലും ഇടതു മന്ത്രി സഭയുടെ നിറംകെടുത്തി എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രി മണിയുടെ വഴിപിഴച്ച നാക്കിനും വാദ കോലാഹലങ്ങള്‍ക്കും കളം ഒരുക്കിയത്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ഇരുപത് ഏക്കര്‍ എന്ന സ്ഥലത്ത് എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അലയൊലി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സ്ത്രീകളെ അപമാനിക്കും വിധം നടത്തിയ ആ പ്രസംഗത്തില്‍ അടിമുടി നിറഞ്ഞു നിന്നത് ധാര്‍ഷ്ട്യവും ധിക്കാരവും പുഛവും കൈമുതലാക്കിയ ഒരു മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും യഥാര്‍ഥ ചിത്രമായിരുന്നു. ‘പെമ്പിളൈ ഒരുമൈ’യിലെ സ്ത്രീകളെയും ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരെയും മാധ്യമ പ്രവര്‍ത്തകരെയും റവന്യൂ ഉദ്യോഗസ്ഥന്‍മാരെയും അധിക്ഷേപിച്ച് കൊണ്ട് നടത്തിയ ആ പ്രസംഗത്തില്‍ സഭ്യതയുടെ സകല സീമകളെയും കാറ്റില്‍ പറത്തിയിരുന്നു. തരംതാണ ആ പ്രസംഗത്തിലൂടെ കേരളീയ സമൂഹത്തിന്റെ പ്രതിഷേധത്തിനും രോഷത്തിനും പരിഹാസത്തിനും പാത്രമായി മാറിയ മന്ത്രി എം.എം. മണി പിന്നീട് നടത്തിയ കരണംമറിച്ചിലും തന്റെ സഹ പ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ വിഫല ശ്രമവും കേരളീയ ജനത മുഖവിലയ്ക്ക് എടുത്തില്ല. മലിനവും അധമവുമായ ഭാഷയില്‍ പ്രസംഗം നടത്തിയ മണിയെ ന്യായീകരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ യജ്ഞം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിച്ചുള്ളൂ. എന്തായാലും ഒടുവില്‍ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ മണി തെറ്റുകാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തത് നല്ല നടപടിയായി. ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ കേരള ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. മന്ത്രി എം.എം. മണിക്കെതിരെയായ ആക്ഷേപം ഗൗരവമുള്ളതാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ച മന്ത്രി മണിക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചു- സംസ്ഥാന പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ..? എന്തായാലും മന്ത്രി മണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശാശ്വതമായി അടങ്ങാന്‍ സാധ്യത കുറവാണെന്ന് വേണം കരുതാന്‍. ‘താനൊരു നാട്ടിന്‍പുറക്കാരനാണെന്നും തന്റേത് നാട്ടു ശൈലിയാണെന്നുമാണ് ‘ വിവാദ പ്രസംഗത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മണി പറഞ്ഞ ന്യായീകരണം. അതിന്റെ മേല്‍ ഒപ്പുചാര്‍ത്തിയ മുഖ്യമന്ത്രിയുടെ പിന്തുണയും ജനങ്ങള്‍ പ്രഥമ ദൃഷ്ട്യാ തന്നെ തിരസ്‌കരിക്കുകയാണ് ഉണ്ടായത്. പിണറായി മന്ത്രി സഭയില്‍ തന്റെ നാവിന് എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതുന്ന മറ്റൊരു മന്ത്രി കൂടി ഉണ്ടെന്ന് നമുക്കറിയാം. ഐ.എ.എസ് കാരെയും ഐ.പി.എസ്.കാരെയും ഇടക്കിടെ അവഹേളിക്കാറുള്ള അദ്ദേഹത്തിനും മന്ത്രി മണിയുടെ അനുഭവം ഒരു ഗുണ പാഠമാകട്ടെ എന്നാണ് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കാനുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്ന് അന്തസ്സുറ്റ സമീപനമാണ് സമൂഹം എപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്കിലും പെരുമാറ്റത്തിലും ആ കുലീനതയും മാന്യതയും കൈമോശം വരുമ്പോള്‍ അത് ജനങ്ങളെ നോക്കിയുള്ള കൊഞ്ഞനം കുത്തലായി മാറുന്നു. വിവരവും വിവേകവുമുള്ള നേതാക്കളെയും മന്ത്രിമാരെയും മാത്രം ജനങ്ങള്‍ അംഗീകരിക്കുന്ന കാലമാണ് ഇത്. സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ നേതാവ് എന്ന സ്ഥാനത്തിന് അര്‍ഹത ഉണ്ടാകൂ. നിലവാരമുള്ള രാഷ്ട്രീയ സംസ്‌കാരമാണ് നമുക്കാവശ്യം. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്‍മാരും ഉള്‍പ്പെടെ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് അന്തസ്സും മാന്യതയും ആദരവും സമചിത്തതയും നിറഞ്ഞ വാക്കും നോക്കും പെരുമാറ്റവും പ്രവൃര്‍ത്തിയുമാണെന്ന കാര്യം എപ്പോഴും ഓര്‍ക്കുന്നത് നന്ന്. തനിക്ക് എല്ലാറ്റിനും ലൈസന്‍സുണ്ട്, താന്‍ എല്ലാറ്റിനും മീതെയാണ്, തനിക്ക് ആരെയും ഭയമില്ല, സൂര്യന് കീഴെയുള്ള എല്ലാറ്റിനെയും താന്‍ വിമര്‍ശിക്കും, താന്‍ സര്‍വ്വജ്ഞപീഠം കയറിയ മറ്റൊരു ആദി ശങ്കരനാണ് എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്ന് നമ്മുടെ ജനനായകര്‍ മുക്തി നേടട്ടെ. സ്വയം ഒരു തിരിച്ചറിവിന്റെ പാതയില്‍ അവര്‍ എത്തിച്ചേരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

0Shares