വൈക്കം: ജീവിതത്തിലൊരിക്കലും കിട്ടില്ലെന്ന് കരുതിയ കാഴ്ച്ച നേരിയ തോതിലെങ്കിലും കൈവന്നതിന്റെ അടക്കാനാവാത്ത ആഹ്ലാദത്തിലും സമാശ്വാസത്തിലുമാണ് വൈക്കത്തിന്റെ സ്വന്തം പാട്ടുകാരി വൈക്കം വിജയ ലക്ഷ്മി. അധികം വൈകാതെ തനിക്ക് പ്രകൃതിയിലെ പച്ചപ്പിനെയും പൂക്കളെയും പൂന്തുമ്പിയെയും ആകാശ നീലിമയെയും സൂര്യ ചന്ദ്രന്മാരെയും താരങ്ങളെയുമെല്ലാം കാണാന്‍ സാധിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് മയാളികളുടെ പ്രിയങ്കരിയായ ആ യുവഗായിക. തന്റെ അച്ഛനമ്മമാരെയും ഇഷ്ട ദൈവങ്ങളെയും ഒരിക്കല്‍ കാണാന്‍ സാധിക്കുമല്ലോ എന്ന് ഒര്‍ക്കുമ്പോള്‍ വിജയലക്ഷ്മിയുടെ ഹൃദയം തുടി കൊട്ടുകയാണ്.

കൂരിരുട്ടില്‍ നിന്നും പ്രകാശത്തിലേക്കുള്ള യാത്ര യാഥാര്‍ത്ഥ്യമാവുന്നതോടെ തന്റെ ജീവിതവും പുതിയ വഴിത്താരയിലൂടെ നീങ്ങുമെന്ന് പ്രാര്‍ത്ഥനാ ഭരിതമായ പ്രതീക്ഷകളെയും മനസ്സര്‍പ്പിച്ച് കഴിയുകയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അനുഗൃഹീതയായ ഈ അന്ധഗായിക. വെളിച്ചം മുഖത്തടിക്കുമ്പോള്‍ മുമ്പ് ഇല്ലാത്ത വിധം ഒരു പ്രയാസമുണ്ട് ഇപ്പോള്‍ വിജയലക്ഷ്മിയുടെ കണ്ണുകള്‍ക്ക്. ആവികാരം സാക്ഷ്യപ്പെടുത്തുമ്പോള്‍ വിജയ ലക്ഷ്മിയുടെ മുഖം സന്തോഷത്താല്‍ വികസിക്കുന്നു. “ഇനി എന്റെ സന്തോഷേട്ടന് വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ എനിക്കാവും; എല്ലാം ഭഗവാന്റെ അനുഗ്രഹം”- വിജയ ലക്ഷ്മിയുടെ ചിരിയില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

ഗായിത്രീ വീണയിലൂടെ സംഗീത മായാലോകം തീര്‍ത്ത പിന്നണിഗായികയാണ് വൈക്കം വിജയലക്ഷ്മി. ‘സെല്ലു ലോയിഡ്’ എന്ന സിനിമയില്‍ ‘കാറ്റേ കാറ്റേ ‘എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും അവര്‍ക്ക് ലഭിച്ചിരുന്നു. പത്ത് മാസങ്ങള്‍ക്കു മുമ്പ് ഒരു കുടുംബ സുഹൃത്താണ് കോട്ടയത്തെ ഹോമിയോ ക്ലിനിക്കിനെ കുറിച്ച് വിജയ ലക്ഷ്മിയോട് പറയുന്നത്. തുടര്‍ന്ന് അവിടുത്തെ ഡോക്ടര്‍ ദമ്പതികളായ ആര്‍. കൃഷ്ണ കുമാറും ശ്രീവിദ്യയുമാണ് വിജയ ലക്ഷ്മിയെ ചികിത്സിച്ചു തുടങ്ങിയത്. ചികിത്സ ആരംഭിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ തോതില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നാണ് വിജയ ലക്ഷ്മിയുടെ അച്ഛന്‍ പറയുന്നത്. വെളിച്ചം മുഖത്തടിക്കുമ്പോള്‍ കണ്ണ് നിറയും ഉടനെ കണ്ണ് അടയ്ക്കും. കണ്ണിന് മുന്നില്‍ കൈകൊണ്ട് ആംഗ്യം കാണിക്കുമ്പോള്‍ നിഴല്‍ നീങ്ങുന്ന പോലെ തോന്നുന്നൂ എന്ന് വിജയ ലക്ഷ്മി പറയുന്നു.
ചികിത്സ പൂര്‍ത്തീകരിക്കാന്‍ വേണ്ടത് എട്ടു വര്‍ഷത്തോളമാണ് ഇപ്പോള്‍ 10 മാസമായി ചികിത്സ തുടങ്ങിയിട്ട്. അന്ധതയ്‌ക്കെതിരെയുള്ള ചികിത്സാ രീതി വികസിപ്പിച്ചെടുത്തതില്‍ കോട്ടയം തിരുനക്കരയിലെ ജവഹര്‍ലാല്‍ ബാലഭവന് സമീപത്തെ ‘സ്പന്ദനം’ ഹോമിയോ ക്ലിനിക്കും കൃഷ്ണ കുമാര്‍-ശ്രീവിദ്യ ഡോക്ടര്‍ ദമ്പതികളും ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘ഹോമിയോ ടാര്‍ഗറ്റ് സൂപ്പര്‍ പ്രേട്ടോക്കോള്‍’ എന്ന ചികിത്സ രീതിയാണ് ഇവര്‍ പിന്തുടരുന്നത്. വൈക്കം വിജയലക്ഷമിയുടെ അന്ധത 3 വര്‍ഷം കൊണ്ട് ഭാഗികമായി മാറ്റാനാവുമെന്നാണ് ഇവരുടെ ഉത്തമ വിശ്വാസം.
