
വയനാട് : അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നല്‍കിയ നാട്ടുകാരോടപ്പം അവർക്കുണ്ടായിരുന്നു. “ദേശീയ ദുരന്തനിവാരണ സേന” ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലയില്‍ ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ഏറെ സഹായകമാവുകയാണ്. ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിച്ചും വിവിധ സന്നദ്ധ പ്രവർത്തകരുടെയും പോലീസ്, ഫയർ ഫോഴ്‌സ് മറ്റു സർക്കാർ ജീവനക്കാർ എന്നിവർക്കൊപ്പം ദേശീയ ദുരന്തനിവാരണ സേന പങ്കാളിയായതോടെ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി.
ആഗസ്റ്റ് എട്ടിനാണ് ദുരന്ത നിവാരണ സേനക്ക് നിർദേശം ലഭിക്കുന്നത്. അന്ന് രാത്രിയോടെയാണ് ഡെപ്യുട്ടി കമാന്‍ഡന്റ് ടി.എം ജിതേഷിൻ്റെ നേതൃത്വത്തിലുള്ള 25 പേരടങ്ങുന്ന സംഘം വയനാട്ടെത്തിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സേനാ അംഗങ്ങളെ ആവശ്യമായി വന്നു.
അതിനാൽ തന്നെ ആഗസ്റ്റ് ഒന്‍പതിന് രവിലെ 100 പേരടങ്ങുന്ന രണ്ടാമത്തെ സംഘവും ജില്ലയിലെത്തി.

പുത്തുമലയിൽ നടന്നത് വലിയ ദുരന്തമായതിനാലും രക്ഷാ പ്രവർത്തനം ഉർജ്ജിതമാക്കാനും
ആദ്യഘട്ടത്തില്‍ തന്നെ സേനയിലെ 50 പേരെയും പുത്തുമല ദൗത്യത്തിന് നിയോഗിച്ചു. തിമർത്തു പെയ്യുന്ന മഴ കാരണം മറ്റു സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തേണ്ടതിനാൽ ബാക്കിയുള്ള അംഗങ്ങള്‍ മൂന്നു സംഘങ്ങളായി മാനന്തവാടി, പനമരം, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് റബ്ബര്‍ ബോട്ടുകളില്‍ ഭക്ഷണമെത്തിച്ചു. ഒറ്റപ്പെട്ട കോളനികളിലെ നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ട പൊഴുതന, അച്ചൂരം, തിരുനെല്ലി തുടങ്ങിയ ഇടങ്ങളിലെ റോഡിലെ തടസ്സങ്ങള്‍ മാറ്റാനും സേനാ അംഗങ്ങൾ തന്നെ മുന്നിട്ടിറങ്ങി.
മഴ കുറഞ്ഞതോടെ മാനന്തവാടി ഒഴികെയുള്ള സ്ഥലങ്ങളിലെ സേനാംഗങ്ങളെ കൂടി പുത്തുമലയില്‍ നിയോഗിച്ചു. ഇതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേരടങ്ങുന്ന സംഘം പുത്തുമല ദൗത്യത്തില്‍ സജീവമായി. ഉരുള്‍പൊട്ടലിൻ്റെ ഉത്ഭവ സ്ഥാനങ്ങളിലും സംഘം തിരച്ചില്‍ നടത്തി. ഓരോ ദിവസവും രാവിലെ ആറുമണിയോടെ തുടങ്ങുന്ന തിരച്ചില്‍ ഏറെ വൈകിയാണ് അവസാനിക്കുക. പ്രദേശത്ത് അഞ്ച് ലക്ഷം മെട്രിക് ടണ്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് ജില്ലാ മണ്ണുസംരക്ഷണ വിഭാഗത്തിൻ്റെ കണക്ക്. മഴ കുറഞ്ഞതിനാൽ മാനന്തവാടിയില്‍ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട സംഘം വ്യാഴാഴ്ച വൈകീട്ടോടെ തിരിച്ചു പോയി. ബാക്കിയുള്ള 100 പേരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങളാണ് പുത്തുമലയില്‍ തുടരുന്നത്.
