
കാസർകോട്: കബഡിയെ പ്രാണവായുവിനെ പോലെ സ്നേഹിക്കുന്ന കാസർകോട് ഉദുമക്കാരുടെ മുന്നിലേക്ക് കളിയുടെ ആവേശം വിതറി വി.എൻ.എ ഇൻഡസ്ട്രിയൽ നാഷനൽ കബഡി ചാമ്പ്യൻഷിപ്പിന് അരങ്ങുണരുന്നു. അമച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷൻ, കാസർകോട് കബഡി അസോസിയേഷൻ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്ക് നാലാംവാതുക്കൽ, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവർ ചേർന്നാണ് 26 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾക്ക് ഉദുമ പള്ളത്ത് വേദി ഒരുക്കുന്നത്. 18 ന് ആണ് മൈതാനത്തെ തീ പിടിപ്പിച്ചു ഉദുമയുടെ മണ്ണിൽ കബഡി ആവേശം കൊടിയേറുക .ചാമ്പ്യൻഷിപ്പിനു വേണ്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മത്സരം നടക്കുന്ന കോർട്ടുകളുടെ മുകളിൽ മേൽക്കൂര സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് കോർട്ടും 6000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയും പൂർത്തിയായിട്ടുണ്ട്. മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്ത് കാർപ്പെറ്റ് വിരിച്ച് അതിനു മുകളിൽ സിന്തറ്റിക് കോർട്ടുണ്ടാക്കുന്നതിനുള്ള സാധനങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് നേരത്തെ തന്നെ സംഘാടകർ എത്തിച്ചിട്ടുണ്ട്. നിലവിൽ 26 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് സംഘടകർ പറയുന്നത്. ഈ ടീമുകളെല്ലാം ദേശീയ-അന്തർദേശീയ ശ്രദ്ധ നേടിയ പ്രഫഷനൽ ടീമുകളാണെന്നതു മത്സരങ്ങളുടെ മാറ്റുകൂട്ടും. 
എയർ ഇന്ത്യ, എച്ച്.എ.എൽ ബംഗളൂരു, ഭാരത് പെട്രോളിയം, ഒ.എൻ.ജി.സി, ഇന്ത്യൻ ആർമി, റെയിൽവേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യൻ നേവി, മൈസൂർ ബാങ്ക്, വിജയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, ബി.എസ്.എഫ് , സി.ആർ.പി.എഫ്, പോസ്റ്റൽ ടീം, ബി.എസ്.എൻ.എൽ, ഡൽഹി പോലീസ്, കസ്റ്റംസ്, യു.പി. പൊലീസ് തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കുമ്പോൾ കളത്തിൽ തീപാറുമെന്നാണ് സംഘാകരുടെയും കളി പ്രേമികളുടെയും പ്രതീക്ഷ. 390-ലധികം കളിക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള കളിക്കാരെയും തിരഞ്ഞെടുക്കും.18 ന് വൈകുന്നേരം നാലു മണിക്ക് കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും.ഇന്റർ നാഷണൽ കബഡി ഫെഡറേഷൻ സ്ഥാപക പ്രസിഡണ്ട് ഗലോട്ട് മുഖ്യാതിഥിയായിരിക്കും. 19 ന് നാലു മണിക്ക് നടക്കുന്ന മത്സരം പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി കെ.ജി സെമൺ മുഖ്യാതിഥിയായിരിക്കും.
20ന് വൈകുന്നേരം നാലു മണിക്ക് ജില്ലാ കലക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി അധ്യക്ഷത വഹിക്കും. 21 ന് വൈകുന്നേരം നാലു മണിക്ക് കർണ്ണാടക മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കേരളത്തിൽ ആദ്യമായെത്തുന്ന ഇൻഡസ്ട്രിയൽ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിനെ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. മത്സരങ്ങൾക്കു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കളി കാണാനെത്തുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് സംഘാടകർ കത്ത് നൽകിയിട്ടുണ്ട്.
ചെയർമാൻ കെ. അഹമ്മദ് ഷെരീഫ്, വൈസ് ചെയർമാൻമാരായ ജോസ് തയ്യിൽ, പി.കെ.ജയൻ, യാസർ നാലാംവാതുക്കൽ, രത്നാകരൻ ഏവീസ്, വർക്കിങ് ചെയർമാൻ കേവീസ് ബാലകൃഷ്ണൻ, ജനറൽ കൺവീനർ എ.വി.ഹരിഹര സുധൻ, ജോ. കൺവീനർമാരായ യൂസഫ് റൊമാൻസ്, എം.ബി അബ്ദുൽ കരീം നാലാംവാതുക്കൽ, ഋഷിചന്ദ്രൻ എവീസ്, അബ്ദുൽ ഷെരീഫ് നാലാംവാതുക്കൽ, ട്രഷറർ അഷറഫ് മൊട്ടയിൽ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.