
രാജീവ് പള്ളിക്കോണം
മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പദ്ധതിയുടെ ഭാഗമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് മീനന്തറയാറിന്റെ പ്രധാന കൈവഴിയുടെ ഭാഗമായ അയർക്കുന്നം പഞ്ചായത്തിലെ മുണ്ടിത്തോട്, ചൊറിച്ചിത്തോട് എന്നിവിടങ്ങളിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെയുള്ള ശ്രമദാനത്തിന് തുടക്കം കുറിച്ചു. മീനച്ചിലാറിന്റെ കൈവഴികളായ മീനന്തറയാറിനെയും കൊടൂരാറിനെയും മാതൃനദിയിലെത്തി ചേരുന്നതിനും മുന്നേ തമ്മിൽ ബന്ധിപ്പിച്ചിരുന്നതും നൂറ്റാണ്ടുകളോളം നിലവിലിരുന്ന് പിൽക്കാലത്ത് അടഞ്ഞുപോയതുമായ തോടുകളിൽ നീരോട്ടമുണ്ടാക്കി നദികളുടെ പഴയ അവസ്ഥയെ ഒരു പരിധി വരെയും വീണ്ടെടുക്കുക എന്നതാണ് ഇപ്പോൾ തുടങ്ങി ച്ചിട്ടുള്ള മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർസംയോജനം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത് എടുത്തു പറയുന്നതിന് കാരണമുണ്ട്.
ഈ നദീ പുനർ സംയോജനപദ്ധതിയെ കേട്ടപാതി കേൾക്കാത്ത പാതി ഇതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാതെ “നദീസംയോജന “മെന്ന വാക്കിൽ കടിച്ചുതൂങ്ങി വിമർശനമുന്നയിച്ച അപൂർവം ചിലരുണ്ട്. ചിലപ്പോൾ കാര്യങ്ങൾ മനസിലാക്കാത്ത മറ്റു പലരും അവരെപ്പോലെ ഉണ്ടാകാം. പ്രത്യേകിച്ച് പരിസ്ഥിതിസംഘടനകൾ മുൻകൈ എടുത്ത് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കി നടത്തുന്ന ഒരു സന്നദ്ധ പ്രവർത്തനമായതിനാൽ ഇക്കൂട്ടർക്ക് ആശങ്ക ഉണ്ടാകുക സ്വാഭാവികവും.
അമയന്നൂർ ചപ്പാത്തിനടുത്തുള്ള തോട് സംയോജിപ്പിക്കാനായി ഡോ. ജോജി ടി. സെബാസ്റ്റ്യൻ (കൊറ്റത്തിൽ ആയുർവേദ ആശുപത്രി), രാജു കൊറ്റത്തിൽ എന്നിവർ എട്ടടി വീതിയിൽ സ്ഥലം വിട്ടു തന്നുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. യന്ത്രസഹായത്തോടെ തോടിനെ വീണ്ടെടുക്കാനുള്ള ശ്രമം രാവിലെ 9മണിയോടെ ആരംഭിച്ചു. പരിസ്ഥിതി സംഘടനകൾ, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങൾ, രാഷട്രീയ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. വൈകുന്നേരത്തോടെ ഈ ഭാഗത്തു കൂടി തോട്ടിൽ വെള്ളമൊഴുകി തുടങ്ങി.
പി. പി. പത്മനാഭൻ (സി. പി. എം അമയന്നൂർ ലോക്കൽ സെക്രട്ടറി), പി.എസ്.ഹരിപ്രസാദ് (ബി. ജെ. പി മണ്ഡലം സെക്രട്ടറി), റെജിമോൻ ജേക്കബ് (സി. പി. എം ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറി, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് (നാലുമണിക്കാറ്റ്) എന്നിവർ നേതൃത്വം നൽകി. അയർക്കുന്നം വില്ലേജ് ഓഫീസർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എന്നിവരുൾപ്പെടെ റവന്യൂ, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാരുടെ സാന്നിധ്യം ആദ്യവസാനമുണ്ടായിരുന്നു.
മുണ്ടിത്തോടും ചൊറിച്ചിത്തോടുമുൾപ്പെടെ രണ്ടര കിലോമീറ്റർ നീളത്തിൽ തോട്ടിൽ തടസ്സങ്ങളും കയ്യേറ്റങ്ങളും നീക്കി നീരൊഴുക്ക് സാധ്യമാക്കിയ വമ്പിച്ച ശ്രമദാനമാണ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ നടന്നത്. ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി പി. എൻ. ബിനു പാറേക്കാട് ജംഗ്ഷനിൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എൻ. അനിൽകുമാർ, അനൂപ്.കെ.വിശ്വംഭരൻ, അനീഷ് കെ. അന്ത്രയോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു പകൽ നീണ്ട അധ്വാനത്തോടെയാണ് ഇത് സാധ്യമാക്കിയത്.കോട്ടയം ജില്ലയിലെ സാമൂഹ്യ-സാംസ്കാരിക പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ അമയന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവ് വൃത്തിയാക്കുന്ന പ്രവർത്തിയും ഇതോടൊപ്പം ആരംഭിച്ചു. 
നൂറ്റാണ്ടുകളോളം സ്വാഭാവികമായി ഒഴുകി തലമുറകളോളം ഒരു ജനതയുടെ ജീവിതവുമായി താദാത്മ്യം പ്രാപിച്ച, പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തിയ, ഈ ചെറുതോടുകളെയും അവ ഒത്തുചേർന്ന് വടവാതൂരിൽനിന്ന് നദിയായി മീനച്ചിലാറിനോട് അടുത്തും അകന്നും ഒഴുകി മീനച്ചിലാറ്റിൽ തന്നെ ചേരുന്ന അരുമ മകളായ മീനന്തറയാറിനെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ പുനസംയോജനം കൊണ്ട് ലക്ഷ്യമാക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വെട്ടിയ തോടായ കഞ്ഞിക്കുഴിത്തോട് മുഖേന മീനന്തറയാറിന് കൊടൂരാറുമായുണ്ടായിരുന്ന ബന്ധം പുനസ്ഥാപിക്കുക എന്നതും. ഈ പുനരുജ്ജീവനപ്രക്രിയ നല്ല ഗുണഫലങ്ങളേ നൽകുന്നുള്ളൂ എന്നതാണ് പ്രസക്തം.
വേനൽക്കാലത്തുപോലും മേഖലയിലെ നീരോട്ടം സജീവമായി നിലനിന്നാൽ കുടിവെള്ളക്ഷാമം പരിഹരിക്കാനാവും, നിലച്ചുപോയ കൃഷിയെ തിരിച്ചു കൊണ്ടുവരാനാവും, നീരൊഴുക്ക് വർദ്ധിക്കുമ്പോൾ മലനീകരണം സ്വാഭാവികമായും കുറയും. നദീജലം ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതോടെ മലിനീകരിക്കപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം സംജാതമാകും. ജൈവ ആവാസവ്യവസ്ഥ പഴയതുപോലെയാകും. മത്സ്യങ്ങൾ വംശനാശം സംഭവിക്കാത്തവ തിരിച്ചെത്തും. അങ്ങനെ കോട്ടയം നഗരത്തിനെയും പ്രാന്തപ്രദേശങ്ങളെയും തണ്ണീരൊഴുക്കി തണുപ്പിച്ചുനിർത്തും. ഇവയൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്നത്. സന്നദ്ധ പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ഈ പദ്ധതി വൻവിജയമായി മാറുമെന്നതിന്റെ ലക്ഷണങ്ങളാണ് കാണാനായത്.
വലിയ ആവേശത്തോടെ ആൾക്കാർ കടന്നു വരുന്നു. തോടുകൾ ഇല്ലാതായിടത്ത് തോടുവെട്ടാൻ സ്ഥലം പലരും വിട്ടുതരുന്നു.അങ്ങനെ പലതും.മീനന്തറയാറിന്റെ പാറമ്പുഴ മുതൽ നാഗമ്പടം വരെയുള്ള ഭാഗത്ത് ഗ്രീൻ ഫ്രറ്റേണിറ്റി എന്ന സംഘടന നടത്തിയ ശുചീകരണ പ്രക്രിയയാണ് ഈ വളർന്നു വലുതായി ഈ കർമ്മപദ്ധതിയായി മാറിയത്. ആ മാറ്റം അത്ഭുതകരമായിരുന്നു. നദീ കയ്യേറ്റക്കാരോടും ഭൂമാഫിയക്കാരോടും മലിനപ്പെടുത്തുന്നവരോടും തുടങ്ങി ഭരണരംഗത്ത് തന്നെ നദീവിരുദ്ധ നിലപാടുള്ളവരോട് ഏറ്റുമുട്ടിയും അവബോധത്തിനായി പ്രചാരണങ്ങൾ സംഘടിപ്പിച്ചും കേസുകൾ നടത്തിയും കള്ളക്കേസുകളിൽ പ്രതികളാക്കപ്പെട്ടും ഇടപെടലുകളും സമരങ്ങളും നടത്തിയും മുഖ്യധാരയിൽനിന്ന് മാറിസഞ്ചരിക്കുന്ന “പ്രത്യേക വർഗ്ഗ”മായി മുദ്രകുത്തപ്പെട്ട പരിസ്ഥിതി -പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയ്ക്ക് അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ജനകീയമുന്നേറ്റത്തെ നയിക്കാനാവുമോ?
നദിയെയും പ്രകൃതിയെയും വീണ്ടെടുക്കുക എന്നത് വരുംകാല വികസനങ്ങളുടെ ഭാഗമായി കാണാനും അത്തരത്തിൽ ഉണർന്നു ചിന്തിക്കാനും കഴിഞ്ഞ ചുരുക്കം പൊതുപ്രവർത്തകർ ഈ പരിസ്ഥിതി കൂട്ടായ്മയ്ക്ക് നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന നിർബാധമായ പിന്തുണയാണ് ഈ ദൗത്യത്തെ വിജയത്തോട് അടുപ്പിക്കുന്നത്. അവർക്കുള്ള സംഘാടനത്തിന്റെ പ്രായോഗികതലത്തിലെ പരിജ്ഞാനവും ശേഷിയുമാണ് ഈ കൂട്ടായ്മയെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സഹായിക്കുന്നത്. പരിസ്ഥിതി ഇതര സംഘടനകളെയും രാഷ്ടീയ പ്രസ്ഥാനങ്ങളെയും ഒപ്പം ചേർക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെ.
