
ഹാഫിള് എൻ.കെ.എം മഹ്ളരി ബെളിഞ്ച: 9400397681
മംഗലാപുരത്ത് നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന റൂട്ട് ബസ് മഞ്ചേശ്വരത്ത് പാടത്തേക്ക് മറിഞ്ഞ് നിരവധിക്ക് യാത്രക്കാർക്ക് സാരമായ പരിക്ക് പറ്റുകയും രണ്ട് പേർ മരിക്കുകയും ചെയ്ത സംഭവം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയി. റോഡും പാടവും തിരിച്ചറിയാത്ത വിധം വെള്ളം കെട്ടിനിന്നതാണ് ബസ് അപകടത്തിന് കാരണം. നിർത്താതെ പെയ്ത കനത്ത മഴ കാരണം റോഡും തോടും ഒന്നായി. ശക്തമായ മഴ പെയ്തിട്ടും അതിനെ പ്രളയകാലമായി പറയുന്നില്ലെന്ന് മാത്രം. ബസിൽ ഉണ്ടായ യാത്രക്കാരിൽ ഒരാൾക്ക് ഒഴികെ മറ്റെല്ലാവർക്കും സാരവും നിസാരവുമായ പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ട യാത്രികനെ കണ്ടപ്പോൾ നാട്ടുകാർ സ്തബ്ധരായി. പൊസോട്ട് ജുമുഅത്ത് പള്ളിയിലെ മുദരിസ് ഉസ്താദായിരുന്നു രക്ഷപ്പെട്ട യാത്രക്കാരൻ. “സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി” എന്ന പൊസോട്ട് തങ്ങളാണ് അന്നത്തെ മുദരിസ്. ആ രക്ഷ ജനങ്ങളുടെ പരിരക്ഷക്ക് വേണ്ടിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. ഒരാളിൽ നിന്നും ഒരായിരം പേർ രക്ഷപ്പെട്ട ചരിത്രമാണ് ശൈഖുന ഉമറുൽ ഫാറൂഖ് തങ്ങളുടെ ജീവ ചരിത്രത്തിൽ വായിക്കാനാവുക.
അനാഥരുടെ അത്താണിയും നിരാശ്രയൻ്റെ പരാശ്രയവും നിരാലംബൻ്റെ അഭയവുമായിരുന്ന ശൈഖുന ജന മനസ്സിൽ സൂര്യതേജസായി പ്രകാശം പരത്തുന്നതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി 2015 സെപ്തംബർ 22 ഹിജ് 1437 ദുൽഹിജ്ജ 12ന് ഇഹലോകവാസം വെടിഞ്ഞത്.അക്ഷരാർത്ഥത്തിൽ സൂര്യൻ നട്ടുച്ചക്ക് അസ്തമിച്ച പ്രതീതിയായിരുന്നു അന്ന്.
1961 സെപ്തംബർ21(മുഹർറം 24) ബുധനാഴ്ചയാണ് സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങളുടെ ജനനം. തൃകരിപ്പൂർ തങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രമുഖ ആത്മീയ പണ്ഡിതൻ ഹാഫിള് സയ്യിദ് ശാഹുൽ ഹമീദ് തങ്ങളുടെ മകൾ ഫാത്തിമാ ഇമ്പിച്ചി ബീവിയാണ് മാതാവ്. ഇവരുടെ മക്കളിൽ രണ്ട് പേർക്ക് ശാഹുൽ ഹമീദെന്ന് പേരിടുകയും അവർ രണ്ട് പേരും മരണ പ്പെടുകയും ചെയതപ്പോൾ ഇനി എൻ്റെ മക്കൾക്ക് ശാഹുൽ ഹമീദെന്ന് പേരിടില്ലെന്ന് തീരുമാനിക്കുകയുണ്ടായി. സയ്യിദ് ഉമർ എന്നാണ് പിതാമഹൻ പേര് വിളിച്ചത്. രണ്ടാം ഖലീഫ ഉമർ(റ)വിൻ്റെ വിശേഷ ഗുണങ്ങൾ തൻ്റെ മകനിലുണ്ടാകണമെന്ന് ആഗ്രഹിച്ച പിതാവാണ് സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് എന്ന് വിളിച്ചത്. കരുവൻതിരുത്തിയിൽ സേവനം ചെയ്തിരുന്ന പിതാവ് അഹ്മദുൽ ബുഖാരിയുടെ ശിക്ഷണത്തിലാണ് തങ്ങൾ വളർന്നത്. അയൽ പക്ക വീട്ടിൽ കളിക്കാൻ പോയ മകനെ കുറിച്ച് ഉമ്മ പിതാവിനോട് പറഞ്ഞപ്പോൾ പുത്തനുടുപ്പ് ധരിച്ച് കരുവൻതിരുത്തിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നര വയസാണ് അന്ന് തങ്ങളുടെ പ്രായം. മറ്റ് സംസ്കാരം പഠിക്കാതിരിക്കാനും അച്ചടക്കത്തോടെ വളത്താനുമാണ് പിതാവ് സ്വന്തം ശിക്ഷണത്തിൽ പഠിപ്പിച്ചത്. എന്നും നിഴൽ പോലെ പിതാവ് കൂടെ നടന്നു.
ഖത്തീബും ഖാളിയുമായിരുന്ന പിതാവ് മാതൃകായോഗ്യനായ അധ്യാപകൻ കൂടിയാണ്. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിൻ്റെ ട്രൈനറായിരുന്ന അബ്ദുൽ ഖാദിർ ലബ്ബയിൽ നിന്ന് നേരിട്ട് ട്രൈനിംഗ് പഠിച്ചയാളാണ് പിതാവ്. പഠിച്ച ട്രൈനിംഗ് തൻ്റെ മക്കളിൽ പയറ്റി. പതിനൊന്ന് വയസ് വരെ പിതാവിൽ നിന്നാണ് അറിവ് നേടിയത്. പതിനൊന്നാം വയസിൽ പള്ളിദർസിലേക്ക് പോകുമ്പോൾ അൽഫിയയുടെ 200 ബൈത്തും ഫത്ഉൽ മുഈനും പഠിച്ച് തീർത്തിരുന്നു. പതിനൊന്നാം വയസിൽ പഠിച്ച് തീർക്കുക എന്നത് ചിന്താർഹനീയമാണ്. ഭൗതിക പഠനവും വീട്ടിൽ തന്നെ. ട്യൂഷൻ സമ്പ്രദായമാണ് ഇതിന് തെരെഞ്ഞടുത്തത്. മലയാളം, ഇംഗ്ലീഷ്, കണക്ക് എന്നിവിഷയങ്ങളാണ് പ്രധാന പഠന വിഷയം. കൂർമ്മ ബുദ്ധിക്കാരനായ തങ്ങൾക്ക് എല്ലാം എളുപ്പത്തിൽ സ്വായത്തമാക്കാനും കഴിഞ്ഞു.
കോടമ്പുഴ ബീരാൻ കോയ മുസ്ലിയാരുടെ ദർസിലാണ് ജ്ഞാന തപസ്യക്ക് വിത്തെറിഞ്ഞത്. പാരമ്പര്യമായി ഇവിടെത്തെ ഖാളിയും ഖത്തീബുമാണ് പിതാവും പിതാമഹന്മാരും. അതിനാൽ സുപരിചിതമായ നാടാണ് കോടമ്പുഴ. ഓരോ ചലനങ്ങളിലും പിതാവിൻ്റെ ശ്രദ്ധ പതിഞ്ഞിരുന്നു. ബീരാൻ കോയ മുസ്ലിയാരുടെ സൂക്ഷ്മ ജീവിതവും ആരാധന നിഷ്ഠയും അഗാധ പാണ്ഡിത്യവും അഹ്മദുൽ ബുഖാരി നേരിട്ട് മനസിലാക്കിയത് കൊണ്ടാണ് മൂത്ത മകനായ പൊസോട്ട് തങ്ങളെ കോടമ്പുഴയിലാക്കാൻ കാരണം. പതിനൊന്നാം വയസിൽ കോടമ്പുഴ ദർസിലെ ഒരുവനായി തങ്ങൾ മാറി. തങ്ങളുടെ പഠന തൽപരതയും കൂർമ ബുദ്ധിയും മനസിലാക്കി കൊടുക്കാനുള്ള കഴിവും അടുത്തറിഞ്ഞ ബീരാൻ കോയ ഉസ്താദ് ദർസിലെ ജൂനിയർ വിദ്യാർത്ഥികൾക്ക് ഓതിക്കൊടുക്കാൻ തങ്ങളെയാണ് ചുമതലപ്പെടുത്തിയത്. മഹല്ലി, ജംഉൽ ജവാമിഉം സ്വന്തം കരം കൊണ്ട് എഴുതി നന്നാക്കിയാണ് ഓതിത്തീർത്തത്. ആകർഷണീയവും മനോഹരവുമായിരുന്നു തങ്ങളുടെ കൈയക്ഷരം. ബീരാൻ കോയ മുസ്ലിയാർക്ക് തങ്ങളോടുണ്ടായിരുന്ന പ്രത്യേക സ്നേഹം. കാരണം കുടുംബ മഹിമ മാത്രമായിരുന്നില്ല പഠന രംഗത്തെ ഒൽസുക്യവും ഇതിനു പിന്നിലുണ്ട്.
തങ്ങളുടെ പഠന പുരോഗതിയും ശിഷ്യത്വവും ലക്ഷ്യം വെച്ച് പിതാവ് ഇടക്ക് ഒ.കെ ഉസ്താദിൻ്റെ ദർസിൽ പേകണമെന്നാഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ തങ്ങൾക്ക് അതിൽ തൃപ്തനായില്ല. പിതൃ തുല്യനായ ഗുരു, ഒരു ഉഖ്റവിയായ പണ്ഡിതനുണ്ടായിരിക്കേണ്ട സർവ ഗുണങ്ങളും ഉസ്താദിലുണ്ട്. പിന്നെന്തിന് ഞാൻ മാറിചിന്തിക്കണം. പിതാവിനും ഉസ്താദിനും ഇടമയിൽ അഭിപ്രായ വ്യത്യാസമായി. ഒടുവിൽ ഇരുവരും ഇസ്തിഖാറത്ത് നടത്തിയപ്പോൾ കോടമ്പുഴയിൽ തുടരാനാണ് സൂചന ലഭിച്ചത്. ഇരുവർക്കും ലഭിച്ചതും ഒരേ സൂചന. അതിന് ശേഷം ഇനി എൻ്റെ മക്കളുടെയും ഉസ്താദ് ബീരാൻ കോയ മുസ്ലിയാരാകണമെന്ന് പിതാവ് തീരുമാനിച്ചെങ്കിലും ഖലീൽ തങ്ങൾ മാത്രമാണ് പിന്നീട് പൂർണ്ണമായി പഠിച്ചത്. സയ്യിദ് ഇസ്മാഈൽ ബുഖാരി തങ്ങൾ ബീരാൻ കോയ ഉസ്താതാദിൻ്റെ അടുക്കൽ ഓതിയിട്ടുണ്ടെങ്കിലും പൂർണ്ണമാക്കിയിട്ടില്ല. മറ്റ് സഹോദരങ്ങൾ പഠിക്കാനാവുമ്പോൾ ഉസ്താദ് ഇഹലോക വാസം വെടിഞ്ഞു.
എട്ട് വർഷത്തെ കോടമ്പുഴയിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിന് വേലൂർ ബാഖിയാത്താണ് തെരെഞ്ഞടുത്തത്.1981ൽ ബാഖിയാത്തിൽ പോവുകയും 1983ൽ ബാഖവി ബിരുദദാരിയായി പുറത്തിറങ്ങി. ബാഖിയാത്തിൽ സഹപാഠികൾക്ക് ക്ലാസെടുക്കാനുള്ള വിധി ഉസ്താദിനുണ്ടായി. അറിവിലെ അവഗാഹവും അവതരണ ശൈലിയും മനസിലാക്കിയ സഹകൂട്ടുകാർ അധികവും ഉസ്താദിൻ്റെ ക്ലാസിൽ പങ്കെടുത്തു. മൈബതി കിതാബ് ഓതിത്തരാനായിരുന്നു കുട്ടികളുട ആവശ്യം. തങ്ങളാണെങ്കിൽ അതിൽ ചുരുങ്ങിയ ഭാഗമേ ഓതിയുള്ളൂ. സഹോദരിയുടെ വിവാഹത്തിന് അവധിയിലായിരുന്നപ്പോഴാണ് ബീരാൻ കോയ ഉസ്താദ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത്. പക്ഷെ,സഹപാഠികളുടെ മൂർച്ചയേറിയ സംശയങ്ങൾക്ക് കൂസലില്ലാതെ മറുപടി പറയാൻ ഉസ്താദിനു കഴിഞ്ഞു. ജീവിച്ചിരുന്ന ബീരാൻ കോയ ഉസ്താദിനെ തവസുലാക്കി ഫാതിഹ ഓതിയാണ് മൈബതി മുതാഅല ചെയ്തിരുന്നത്. അത് കൊണ്ടാണ് സഹപാഠികളുടെ സംശയങ്ങൾക്ക് തൃപ്തിപരമായ മറുപടി പറയാൻ കഴിഞ്ഞതെന്ന് തങ്ങൾ ലേഖകനോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
കോളേജിൽ പോകുന്നതിന് മുമ്പ് വിവാഹിതനായി. താജുൽ ഉലമയുടെ മകളുടെ മകൾ സയ്യിദത്ത് ഉമ്മുഹാനിയ്യ് ആണ് ഭാര്യ. താജുൽ ഉലമയുടെ തീരുമാനമായിരുന്നു ഇത്. പിതാവ് നൽകിയ പ്രചോദനങ്ങൾ പ്രബോധന ഗോഥയിൽ തങ്ങൾക്ക് തണലായി. പ്രസംഗ വേദിയിൽ ആത്മവിശ്വാസം നൽകിയത് പിതാവാണ്. വിദ്യാർത്ഥിയായിരിക്കെ റമളാനിൽ കരുവൻതിരുത്തി പള്ളിയിൽ പ്രസംഗിച്ചാണ് തുടക്കം. ഇമാമായിരുന്ന പിതാവ് നിസ്കാരം കഴിഞ്ഞാൽ ഇന്ന് മൂത്തമകൻ ഉമറുൽ ഫാറൂഖ് പ്രസംഗിക്കുമെന്ന് പറയും. അവിചാരിതമായി വരുന്ന ക്ഷണം, എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങും. പിതാവിൻ്റെ കൽപന നിരസിക്കാൻ വയ്യ. രണ്ടും കൽപിച്ച് എഴുന്നേറ്റ് നിൽക്കും. ഇടറുന്ന തൊണ്ടയും പതറുന്ന മേനിയും, സലാം പറയുന്ന ആയുസ് മാത്രമേ ആ പ്രസംഗങ്ങൾക്കുണ്ടായിരുന്നുള്ളൂ. എന്തിനാണ് ഇങ്ങെനെ ചെയ്യുന്നതെന്ന് ഉപ്പയോട് ചോദിച്ചാൽ അങ്ങനെതന്നെയല്ലേ പ്രസംഗിച്ചു പഠിക്കൽ, എന്നായിരിക്കും പിതാവിൻ്റെ മറുപടി. പതിയെ പ്രസംഗിച്ചു.. പഠിച്ചു. പിന്നീട് ചാലിയത്തെ ജുമുഅത്ത് പള്ളിയിൽ റമളാനിലെ മുപ്പത് ദിവസം മണിക്കൂറുകൾ നീളുന്ന മസ്അല ക്ലാസെടുത്തിരുന്നു.
1983 മുതൽ കർമ്മഗോഥയിലിറങ്ങി. പടിക്കോട്ട് പടിയാണ് പ്രഥമ സേവന മണ്ഡലം. ഒരുവർഷം ഇവിടെ തുടർന്നു. പിന്നീട് ആക്കോടിലേക്ക് മാറി. കോളേജ് കഴിഞ്ഞാൽ ഗൾഫിൽ പോകാനാണ് തങ്ങളുടെ ആഗ്രഹം. പക്ഷെ പിതാവ് ഈരംഗത്ത് തുടരാൻ പറഞ്ഞു. ഖൽബിൽ വസ്വാസ് കൂടി വന്നു, ആയിടെയാണ് പരിചയപ്പെട്ട സാധാരണക്കാരൻ കണ്ണിയത്ത് ഉസ്താദിൻ്റെ അനുഭവം പറഞ്ഞുകൊടുത്തത്. എന്നാൽ എനിക്കും ഉസ്താദിനെ കാണണമെന്നായി, കണ്ണിയത്തുസ്താദിനെ കണ്ട് ദുആ ചെയ്യിപ്പിച്ചു. പ്രത്യേക മൂന്ന് ആവശ്യങ്ങൾക്ക് കൂടി ഉസ്താദ് ദുആ ചെയ്തുതരണമെന്ന് കണ്ണിയത്ത് ഉസ്താദിനെ ഉണർത്തി. സ്വഭാവ ശുദ്ധീകരണം, കുടുംബം‐സമ്പത്ത്‐വിജ്ഞാനം എന്നീ മേഖലയിൽ ബർക്കത്തുണ്ടാകാൻ, ജീവിതത്തിൽ ഖൈറായതിൽ മനസും ശരിരവും ഉറച്ചു നിൽക്കാൻ എന്നീ കാര്യങ്ങളാണ് തങ്ങൾ ഉസ്താദിനോട് പറഞ്ഞത്. ദർസ് നടത്താനുള്ള ഇജാസത്തുണ്ടോയെന്ന് കണ്ണിയത്തുസ്താദ് തങ്ങളോട് ചോദിക്കുകയും നടത്താനുള്ള ഇജാസത്ത് നൽകുകയും ചെയ്തു. തുടർന്ന് ഉസ്താദ് കുടിക്കുകയായിരുന്ന ഹോർളിക്സിൻ്റെ ബാക്കി ഉസ്താദിന് നൽകി കുടിക്കാൻ പറഞ്ഞു. വീണ്ടും ഫാതിഹ ഓതി ദുആ ചെയ്തു. പിന്നീട് ഖൽബിന് ചാഞ്ചല്യമുണ്ടായിട്ടില്ലെന്ന് തങ്ങൾപറയാറുണ്ടായിരുന്നു.

പടിക്കോട്ടു പടിയിൽ നിന്ന് കോഴിക്കോട് ആക്കോടിലേക്ക് മാറി. അവിടെയും ഒരു വർഷം തുടർന്നു. അപ്പോഴാണ് ഉള്ളാളത്ത് ഉറൂസ് നടക്കുന്നത്. ഉറൂസിന് അതിഥിയായിരുന്ന കണ്ണിയത്ത് ഉസ്താദിനെ അവിടെ എത്തിക്കാനുള്ള ചുമതല തങ്ങളെയാണ് താജുൽഉലമാ ഏൽപിച്ചത്. അപ്രകാരം കണ്ണിയത്ത് ഉസ്താദിൻ്റെ കൂടെ ഉള്ളാളത്ത് പോയപ്പോഴാണ് മഞ്ചേശ്വരം പൊസോട്ടിൽ മുദരിസായി നിൽക്കാൻ താജുൽ ഉലമാ നിർദ്ദേശിക്കുന്നത്. കടലുണ്ടിയിൽ നിന്നും മഞ്ചേശ്വരത്തേക്ക് എത്താനുള്ള ദൂരമോർത്ത് തങ്ങൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും താജുൽ ഉലമയുടെ ക്ഷണത്തിന് മുമ്പിൽ പിതാവടക്കം കീഴടങ്ങേണ്ടി വന്നു.1985 മുതൽ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ പൊസോട്ടിലായി.പിന്നെ പൊസോട്ട് തങ്ങൾ എന്ന പേരിൽ ഖ്യാതി നേടുകയും ചെയ്തു. മഞ്ചേശ്വരം, തങ്ങൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു. ആത്മീയവും പ്രസ്ഥാനികവുമായ വളർച്ച തങ്ങളെ തേടിയെത്തി. മഞ്ചേശ്വരം ഭാഗങ്ങളിൽ ബിദ്അത്ത് പ്രചരിപ്പിക്കാനും ജനങ്ങളെ വശീകരിക്കാനും പള്ളികൾ പിടിച്ചടക്കാനുമുള്ള ആന്തരിക ലക്ഷ്യവുമായി പ്രവർത്തിച്ചിരുന്ന 33 ജമാഅത്ത്. പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ ജനിക്കാതിരിക്കാനാണ് പ്രസ്തുത പേര് സ്വീകരിച്ചത്. പരിസര പ്രദേശങ്ങളിലും പള്ളികളിലും അവർ നടത്തുന്ന കാമ്പയിനുകൾ.. സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തിയ ഈദ് ഗാഹ്.. ഇതിൽ സഹിക്കെട്ട തങ്ങൾ വേരറുക്കാൻ തീരുമാനിച്ചു. ഇവരുടെ ആദർശങ്ങൾ ഓരോന്നായി മനസിലാക്കിയ തങ്ങൾ ജനങ്ങളെ ഒറ്റയായും സമൂഹമായും ഉപദേശിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് നവീന ചിന്തക്കാരായ പ്രഭാഷകരെ കൊണ്ട് വന്ന് മീലാദ് പരിപാടിയെന്ന പേരിൽ അവർ നടത്തുന്ന പ്രചരണപരിപാടികളെ കുറിച്ചെല്ലാം സമൂഹത്തിന് ബോധ്യപ്പെടുത്തി. ഒടുവിൽ പരസ്യ യുദ്ധത്തിനൊരുങ്ങി. 33 ജമാഅത്തിൻ്റെ ജനറൽ ബോഡിയിൽ തങ്ങൾക്കും ക്ഷണം വന്നു. അത് അവരുടെ അന്ത്യത്തിനുള്ള നിമിത്തമായിരുന്നു. അധ്യക്ഷ പ്രസംഗം കഴിഞ്ഞ് ആശംസ പ്രസംഗത്തിന് തങ്ങളെ ക്ഷണിച്ചു. 33 ജമാഅത്തിൻ്റെ അധ്യക്ഷനായ പ്രമുഖ സയ്യിദായിരുന്നു യോഗാധ്യക്ഷൻ. തങ്ങളുടെ പ്രസംഗത്തിലുടനീളം സുന്നത്ത് ജമാഅത്തായിരുന്നു പരാമർശം. പ്രസംഗ വിഷയം നേതാക്കളെ ചൊടിപ്പിച്ചെങ്കിലും സ്രോതാക്കൾക്ക് പുത്തനറിവാണ് നൽകിയത്. പ്രസംഗത്തിനിടക്ക് നിർത്താനുള്ള കുറിപ്പുമായി അധ്യക്ഷൻ സമീപിച്ചെങ്കിലും തങ്ങൾ കൂട്ടാക്കിയില്ല. പ്രസംഗം നിർത്തി തൽസ്ഥാനത്തിരുന്നപ്പോൾ അധ്യക്ഷൻ്റെ വക സ്രോതാക്കളോട് ക്ഷമാപണം. പ്രസംഗകൻ്റെ അതിക പ്രസംഗത്തിനും അതിര് കവിഞ്ഞതിനും ക്ഷമചോദിക്കുന്നു വെന്നാണ് അദ്ധേഹം പറഞ്ഞത്. ഉടനെ തങ്ങൾ മൈക്കെടുത്ത് പറഞ്ഞു അതികമായി ഞാൻ ഒന്നും പ്രസംഗിച്ചിട്ടില്ല, സുന്നത്ത് ജമാഅത്ത് പറഞ്ഞതാണോ അതിക പ്രസംഗം..? ഈ സംഘടന ഞാൻ പറഞ്ഞ ആദർശത്തിനെതിരാണെങ്കിൽ അധിക പ്രസംഗമായി തോന്നിയേക്കാം!
വാദവും പ്രതിവാദവും നടക്കുന്നതിനിടയിൽ ഉമറുൽ ഫാറൂഖ് തങ്ങൾ ഭരണഘടന ആവശ്യപ്പെട്ടു. തരാൻ പറ്റില്ലെന്നായി മറുവിഭാഗം. യോഗം അലങ്കോലമായി. ജനം രണ്ട് തട്ടിലും. ഒടുവിൽ 33 ജമാഅത്തിനെ വിചാരണ ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത ജനറൽ ബോഡിയിൽ തങ്ങൾ നടത്തിയ പ്രസംഗം പ്രസ്തുത സംഘടനയുടെ ചരമഗീതം പാടാൻ കാരണമായി. ശൈഖുനാ ഉമറുൽ ഫാറൂഖ് തങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാവാതെ കാലക്രമേണ ഒലിച്ചു പോയി. മഞ്ചേശ്വരത്ത് ബിദ്അത്തുകാരുടെ സ്ഥാപനങ്ങൾ പണിയാൻ വാങ്ങിക്കൂട്ടിയ ഏക്കർ സ്ഥലങ്ങൾ തരിശ്ഭൂമിയാകാൻ കാരണം ഉമറുൽ ഫാറൂഖ് തങ്ങളെന്ന വിപ്ലവകാരിയാണ്. പിന്നീടവർ തലപൊക്കിയില്ല. പന്ത്രണ്ട് വർഷത്തെ പൊസോട്ട് പള്ളിയിലെ സേവനം വിരമിച്ച് മള്ഹർ നൂരിൽ ഇസ്ലാമിത്തഅ്ലീമിയെന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് വിത്ത് പാകുമ്പോൾ തങ്ങളുടെ ലക്ഷ്യം ഒരു പള്ളിദർസായിരുന്നു. ബാഖിയാത്തിൽ പഠിക്കുമ്പോൾ അവിടത്തെ ബാനീ ഹസ്റത്തിൻ്റെ മഖാമിൽ നിത്യവും വിദ്യാർത്ഥികൾ ഖുർആൻ പാരായണം ചെയ്യുന്നത് കാണുമ്പോൾ മനസിൽ ഉദിച്ച ആഗ്രഹമായിരുന്നു. മരിച്ചു കഴിഞ്ഞാൽ എനിക്കും ഇതുപോലെ അന്തിയുറങ്ങണമെന്ന്. ഉസ്താദിൻ്റെ കൊതിയും നാഥൻ്റെ വിധിയും ഒരുപോലെയായിരുന്നെന്നറിഞ്ഞത് മരണശേഷമാണ്. അവിടുത്തെ ആഗ്രഹം പോലെ രാജകീയ പ്രൗഡിയിൽ മള്ഹറിൻ്റെ ചാരത്തായി അന്തിയുറങ്ങാൻ തങ്ങൾക്ക് സാധിച്ചു.
ഒ.കെ ഉസ്താദിൻ്റെ ആശീർവാദവും പിന്തുണയുമാണ് മള്ഹറിൻ്റെ തുടക്കത്തിന് പ്രചോദന ഘടകം. ഇന്ന് നിരവധി സ്ഥാപനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിച്ച് വരുന്നു. മള്ഹറിൻ്റെ തുടക്കം പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് കാരണമായി. അവിടെ നടക്കുന്ന സ്വലാത്ത് മജ്ലിസ് ആയിരങ്ങൾക്ക് സാന്ത്വനമായ്. സംഘടനയിൽ പിച്ചവെച്ച് കയറിയ തങ്ങളെ വളർത്തിയതിനു പിന്നിൽ ശൈഖുനാ കാന്തപുരം ഉസ്താദ്, സയ്യിദ് ത്വാഹിറുൽ അഹ്ദൽ, സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി എന്നിവരുടെ നിസ്തുലമായ പങ്ക് ഇടയക്ക് ഉണർത്താറുണ്ടായിരുന്നു.
പിതാവിൻ്റെ മരണശേഷം കടലുണ്ടി മഹല്ല് ഖാളിയായ തങ്ങൾ മരിക്കുമ്പോൾ കാസർകോട് ജില്ലാ സംയുക്ത ജമാഅത്ത് ഖാളിയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന ട്രഷറർ, സമസ്ത കേന്ദ്ര മുശാവറ അംഗം, മള്ഹർ ചെയർമാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. ആഖിറുൽ ഉംറ് ആയാൽ അൽ മസ്ലകുൽ ഖരീബ് എന്ന കിതാബ് മുതാല ചെയ്ത് അമൽ ചെയ്യണമെന്ന ശൈഖിൻ്റെ നിർദ്ധേശം പോലെ ഒടുവിലെത്തെ മുഴു സമയവും ഈ കിതാബിൻ്റെ പാരയണത്തിൽ മുഴുകി ഇബാദത്തെടുകയായിരുന്നു ഉസ്താദ്. ചാലിയം സയ്യിദ് അഹ്മദ് സൈനുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു ഉമറുൽ ഫാറൂഖ് തങ്ങളുടെ ആത്മീയ ശൈഖ്. ബാഅലവി ത്വരീഖത്തായിരുന്നു തങ്ങൾ സ്വീകരിച്ചത്. അതിൻ്റെ ഖലീഫയായിരുന്നു തങ്ങൾ. അവിടുത്തെ പരലോക ജീവിതം നാഥൻ പ്രകാശ പൂരിതമാക്കട്ടെ! ആമീൻ.
