കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ പ്രവാസിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പില്‍ 3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം (6.3 കോടി രൂപ) സമ്മാനം ലഭിച്ചു. പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പി.കെ.വിജയ്‌റാമിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചിരിക്കുന്നത്. കരിപ്പോടി മീത്തല്‍വീട് തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരുംവഴിയാണ് ദുബായ് വിമാനത്താവളത്തില്‍നിന്ന് ലോട്ടറി എടുത്തത്. അവധി കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് സമ്മാനം അടിച്ചത്.

ദുബായിലെ അല്‍ഫുത്തൈം കരിലെന്‍ കമ്പനിയില്‍ എന്‍ജിനീയറാണ് വിജയ്‌റാം. 245 സീരീസിലെ 2294 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില. പതിവായി ടിക്കറ്റ് എടുക്കാറുണ്ട്.പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുന്‍ പ്രസിഡന്റ് പരേതനായ റിട്ട. അധ്യാപകന്‍ പി.കെ. കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടെയും മകനാണ് വിജയ്‌റാം. തൃക്കരിപ്പൂരിലെ ഡോ. ഒ. ആനന്ദകൃഷ്ണന്റെ മകള്‍ നീതുവാണ് ഭാര്യ. മക്കള്‍: അനുഗ്രഹ്, അനുര്‍വേദ്, ആഞ്ചല്‍. കുടുംബ സമേതം ദുബായിലാണ് വിജയ്‌റാമിന്റെ താമസം.