ദിലീപിന്റെ അറസ്റ്റും മലയാള സിനിമക്കുണ്ടാകുന്ന കോടികളുടെ നഷ്ട്ടവും; ദിലീപ് കരാറിലേർപ്പെട്ട സിനിമകൾ ഇവയൊക്കെയാണ്.

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന്റെ അറസ്റ്റും മലയാള സിനിമക്കുണ്ടാകുന്ന കോടികളുടെ നഷ്ട്ടവും; ദിലീപ് കരാറിലേർപ്പെട്ട സിനിമകൾ ഇവയൊക്കെയാണ്.

തൃശൂർ : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നടൻ ദിലീപിനുള്ള പങ്ക് തെളിഞ്ഞതോടെയാണ് പോലീസ് ഇന്നലെ ദിലീപിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായിരിക്കുന്നത് കുറെ സിനിമാ പ്രവർത്തകരാണ്. അതിലേറെയും സാമ്പത്തികമായി ബുദ്ധിമുട്ടുക നിർമാതാക്കളും, ഈ മാസം 21-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ”രാമലീല” ഉള്‍പ്പെടെ, വെള്ളിത്തിരയില്‍ എത്തിയിട്ടില്ലാത്ത ഒരുപിടി ചിത്രങ്ങള്‍ ആ കൂട്ടത്തിലുണ്ട്. ഈ മാസം ആദ്യം റിലീസ് ചെയ്യാനിരുന്നതാണ് രാമലീല. ഇതിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് സംശയനിഴലിലാകുന്നത്. കേസിന്റെ കാര്യങ്ങള്‍ക്കായി ദിലീപ് പോകുകയും പല വട്ടം ഷൂട്ടിങ്ങ് നിര്‍ത്തുകയും ചെയ്തതോടെ നിര്‍മാണം ഇഴഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി നടക്കുമ്പോൾ നടന്‍ കേസിന്റെ നൂലാമാലകളില്‍പ്പെട്ട് വലഞ്ഞു. ഇതിനുശേഷം ചിത്രം പൂർത്തിയായെങ്കിലും നായകനായ ദിലീപിന്റെ വിവാദങ്ങളിൽ പെട്ട് ചിത്രത്തിന്റെ റിലീസും മാറ്റിവെക്കേണ്ടിവന്നു നിർമാതാവിന്. ഇത് കൂടാതെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ നേരത്തേ തന്നെ ഏര്‍പ്പെട്ടിട്ടുള്ള ദിലീപ് അഡ്വാന്‍സ് വാങ്ങിയ ചിത്രങ്ങളുടെ ഭാവി എന്തെന്നു കണ്ടറിയണം. പ്രശസ്ത ക്യാമറമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ”പ്രൊഫസര്‍ ഡിങ്കന്‍” എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ദിലീപ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗങ്ങള്‍ വിദേശത്തു ചിത്രീകരിക്കേണ്ടതാണ്.

പ്രയാഗ മാര്‍ട്ടിന്‍ നായികയായ ”രാമലീല” ദിലീപിന് വന്‍ പ്രതീക്ഷയുള്ള ചിത്രമാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലര്‍ ചിത്രമാണിത്. ”കമ്മാരസംഭവം” ആണ് ദിലീപ് തുടങ്ങിവച്ച മറ്റൊരു ചിത്രം. സൂപ്പര്‍ഹിറ്റ് ചിത്രമായ ”ഈ പറക്കും തളിക”യുടെ രണ്ടാംഭാഗം, ”വാളയാര്‍ പരമശിവം”, ”സദ്ദാം ശിവന്‍”, ”ഞാനാരാ മോന്‍” തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ”ഇതോ വലിയ കാര്യം” എന്ന ചിത്രം കാവ്യാ മാധവനോടൊപ്പം അഭിനയിക്കാനുള്ള ചര്‍ച്ചകളും സജീവമാകുന്നതിനിടെയാണ് ദിലീപിന്റെ അറസ്റ്റ്. ദിലീപ് സിനിമകളെ മുന്നില്‍ക്കണ്ട് നിര്‍മാണത്തിനിറങ്ങിയ ഒരുപിടി നിര്‍മ്മാതാക്കളും ആദ്യ സംരംഭത്തില്‍ ദിലീപിനെ നായകനാക്കാന്‍ ലക്ഷ്യമിട്ട പുതു സംവിധായകരും ഈ അറസ്റ്റോടെ വെട്ടിലായി. കോടികളുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഈ അറസ്റ്റോടെ സംഭവിക്കുന്നത് എന്നതാണ് സത്യം.

 

0Shares