
കാഞ്ഞങ്ങാട് (കാസർഗോഡ്): സർക്കാർ ആശുപത്രിയിൽ പ്രസവ ചികിത്സയിൽ ദളിത് യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭർത്താവിൻ്റെ പരാതി. ഇക്കഴിഞ്ഞ നവംബർ 13ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. കുറ്റിക്കോൽ, മൊട്ട പട്ടികവർഗ്ഗ കോളനിയിലെ സുരേന്ദ്രൻ്റെ ഭാര്യ എട്ടുമാസം ഗർഭിണിയായ ഉഷ ചികിത്സയ്ക്കിടെ അബോധാവസ്ഥയിലാവുകയും ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്തു. പരിയാരത്തെ പരിശോധനയിൽ കുട്ടി മരിച്ചതായി അറിയിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ഡോക്ടർമാരുടെ ചികിത്സാ പിഴവുമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ പരാതിയുമായി പരിയാരം പോലീസിനെ സമീപിച്ചപ്പോൾ ഹൊസ്ദുർഗ് പോലീസിൽ നൽകാൻ പറഞ്ഞു. എന്നാൽ ഹൊസ്ദുർഗ് പോലീസ് പരിയാരം പോലീസിലാണ് പരാതി നൽകേണ്ടതെന്ന് പറഞ്ഞ് തിരിച്ചയച്ചു. മാനസികമായി തകർന്ന ആദിവാസി യുവാവിനെ രണ്ടു ദിവസത്തോളം പോലിസ് വട്ടം കറക്കിയതായാണ് പരാതി. സംഭവം പരിയാരത്ത് ആയതിനാൽ സുരേന്ദ്രനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പരിയാരം പോലീസിൽ പരാതിപ്പെടാൻ തിരിച്ചയക്കുകയാണുണ്ടായതെന്ന് ഹൊസ്ദുർഗ് പോലീസ് ചാനൽ ആർ.ബിയോട് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തണമെന്നും ചികിത്സാപിഴവ് വരുത്തിയ ആശുപത്രി അധിക്യതർക്കെതിരെ നടപടി ആവശ്യപ്പെട്ടും നൽകിയ പരാതി സ്വീകരിക്കാത്ത പോലീസിൻ്റെ കൃത്യവിലോപത്തിൽ പ്രതിഷേധിച്ച് ദളിത് ആദിവാസി സാമൂഹ്യ പ്രവർത്തകർ പരിയാരം പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പുസമരം നടത്തിയപ്പോഴാണ് പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയത്.
