ദണ്ഡിയാത്ര അനുസ്മരിച്ച് വിദ്യാർത്ഥികൾ ഉപ്പു കുറുക്കി; ഗാന്ധി സ്മൃതിയിൽ വെള്ളിക്കോത്ത് വിദ്യാലയം

  • Post category:news
  • Reading time:2 mins read
You are currently viewing ദണ്ഡിയാത്ര അനുസ്മരിച്ച് വിദ്യാർത്ഥികൾ ഉപ്പു കുറുക്കി; ഗാന്ധി സ്മൃതിയിൽ വെള്ളിക്കോത്ത് വിദ്യാലയം

കാസർകോട്: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊർജം പകർന്ന കെ. മാധവ റെയും വിദ്വാൻ പി. കേളു നായരുടേയും മഹാകവി പി. കുഞ്ഞിരാമൻ നായരുടേയും കർമ്മഭൂമിയായ വെള്ളിക്കോത്ത്
ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെയും ആഭിമുഖ്യത്തില്‍ ദണ്ഡി സത്യഗ്രഹ യാത്രയുടെ പുനരാവിഷ്‌ക്കാരം സംഘടിപ്പിച്ചു.

മഹാത്മ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സബര്‍മതി മുതല്‍ ദണ്ഡി വരെ ഗാന്ധിജി നടത്തിയ യാത്ര അനുസ്മരിക്കാന്‍ 150 കുട്ടികള്‍ പങ്കെടുത്ത പദയാത്രയാണ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടത്തിയത്. സബർമതി ആഗമം രൂപകല്പന ചെയ്ത് ഗാന്ധിജിയുടെ വേഷം ധരിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ സ്കൂൾ മൈതാനത്ത് ഒരുക്കിയ ദണ്ഡിയി ലേക്ക് പദയാത്ര നടത്തി.ഉപ്പു കുറുക്കി നിയമം ലംഘിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അത്യുജ്വലമായ ഏട് ഓർമിപ്പിക്കുന്ന മുഹൂർത്തം പുനരാവിഷ്കരിച്ചപ്പോൾ തൂവെള്ള.വസ്ത്രവും ഗാന്ധി തൊപ്പിയുമണിഞ്ഞ് കുട്ടികൾ പദയാത്രയിൽ അണിനിരന്നു.

തുടർന്ന് നടന്ന ഗാന്ധി സ്മൃതി സദസ് എഴുത്തുകാരൻ. പി. വി. കെ പനയാൽ ഉദ്ഘാടനം ചെയ്തു. മഹാന്മജിയുടെ സ്മരണ പുതിയ കാലത്ത് സാംസ്കാരിക പ്രവർത്തകർക്ക് ഊർജം പകരുന്നതാണെന്ന് പി. വി. കെ പനയാൽ പറഞ്ഞു. വിദ്വാൻ പി. കേളു ദേശീയ പതാക പുതച്ച് ജീവത്യാഗം ചെയ്ത , ഉപ്പുസത്യഗ്രഹികൾക്ക് സ്വീകരണം നൽകിയ ചരിത്രഭുമിയിൽ ഉപ്പുസത്യഗ്രഹം പുനരാവിഷ്കരിച്ചത് അർത്ഥവത്താണെന്ന് പി. വി. കെ പനയാൽ പറഞ്ഞു.

ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ഗാന്ധി ഗീതങ്ങളുടെ സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ചടങ്ങില്‍ കെ. വി രാഘവന്‍ മാസ്റ്റര്‍ പൊന്നാടയണിച്ച് ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി. പി അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്കൂളിനുള്ള ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഉപഹാരം ഹെഡ്മാസ്റ്റർക്കും വിദ്യാർത്ഥികൾക്കും കൈമാറി.സ്കൂൾ വിദ്യാർത്ഥിനി പത്മപ്രിയ ബാപ്പുജി പ്രഭാഷണം നടത്തി.അധ്യാപിക പ്രിയ എസ്. കെ സംസാരിച്ചുഅധ്യാപകൻ കെ.അനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു ചടങ്ങിൽ ഗാന്ധിജിയെ കുറിച്ചുള്ള കവിതകള്‍ കോര്‍ത്തിണക്കിയ ഗാനാലാപനവും സംഘടിപ്പിച്ചു.

0Shares