
റെയില്‍വേ സ്റ്റേഷനുകളില്‍ കാര്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. സ്റ്റേഷനിലെത്തിയാല്‍ ഇനി സ്വയം കാര്‍ ഓടിച്ചുപോകാം. ദക്ഷിണ റെയില്‍വേക്കു കീഴിലെ ആദ്യ ‘റെന്റ് എ കാര്‍’ സംവിധാനത്തിന് കേരളത്തില്‍ തുടക്കമാകുകയാണ്. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ മാസം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണിത്. ഓരോ സ്റ്റേഷനിലും അഞ്ചുവീതം കാറുകളുണ്ടാകും. നിര്‍ദേശിച്ച സ്ഥലത്ത് നിശ്ചിതസമയത്തിനുള്ളില്‍ കാര്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതി. കാര്‍ ബുക്ക് ചെയ്യാനുള്ള കിയോസ്‌ക് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്. ഇന്‍ഡസ് ഗോ എന്ന ഏജന്‍സിയെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
