ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ കേന്ദ്ര വിഹിതം നഷ്ടമാകുന്നു; ധനക്കമ്മിഷനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നയിച്ച് തോമസ് ഐസക്‌; കേരളം വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത്; തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ കേന്ദ്ര വിഹിതം നഷ്ടമാകുന്നു; ധനക്കമ്മിഷനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നയിച്ച് തോമസ് ഐസക്‌; കേരളം വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത്; തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്നു

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ വിഹിതം നഷ്ടപ്പെടാൻ ഇടയാക്കുന്ന പതിനഞ്ചാം കേന്ദ്രധനക്കമ്മിഷന്‍റെ പരിഗണനാവിഷയങ്ങൾ മരവിപ്പിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇവ ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയിലില്ലാത്ത ചില അധികാരങ്ങൾ അടിച്ചേൽപ്പിച്ച് ഫെഡറൽ സ്വഭാവം തകർക്കാനുള്ള ബി.ജെ.പി.യുടെ ഗൂഢാലോചനയാണ് ഇതിൽ തെളിയുന്നത് -ഐസക് പറഞ്ഞു.ഇതേപ്പറ്റി ചർച്ചചെയ്യാനും കേന്ദ്രസർക്കാരിൽ ഒരുമിച്ച് സമ്മർദം ചെലുത്താനും കേരളം വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. തെലങ്കാനയുടെ പ്രാതിനിധ്യം സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം മാസ്‌കോട്ട്നടക്കുന്ന സമ്മേളനം രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഷയങ്ങളോട് ധനക്കമ്മിഷനിലെ വ്യക്തികളോടൊന്നും കേരളത്തിന് വിയോജിപ്പില്ല. ഇതുവരെയില്ലാത്തവിധം കമ്മിഷന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധമാണ് പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കമ്മിഷന് നൽകണം- ധനമന്ത്രി തോമസ് ഐസക്

കേരളം എതിർക്കുന്നത്‌ ഇക്കാര്യങ്ങൾ

സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക്‌ 2011-ലെ സെൻസസാണ് കമ്മിഷൻ ആധാരമാക്കാൻ പോകുന്നത്. ഇതുവരെ 1971-ലെ സെൻസസായിരുന്നു കണക്കിലെടുത്തത്. ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിൽ പുരോഗമിച്ച സംസ്ഥാനങ്ങൾക്ക് അതിന്‍റെപേരിൽ വിഹിതം കുറയാതിരിക്കാനാണ് 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയിരുന്നത്. 2011-ലെ സെൻസസ് പ്രകാരമാണെങ്കിൽ കേരളത്തിന് വരുന്ന അഞ്ചുവർഷം ചുരുങ്ങിയത് 20,000 കോടിയുടെ നഷ്ടമുണ്ടാകും. തമിഴ്‌നാടിന് 40,000 കോടിയും.

സംസ്ഥാനങ്ങളുടെ കടമെടുപ്പുപരിധി ആഭ്യന്തര വരുമാനത്തിന്‍റെ മൂന്ന് ശതമാനത്തിൽനിന്ന് 1.7 ശതമാനമായി കുറയ്ക്കാനും ധന ഉത്തരവാദിത്വ നിയമ അവലോകനസമിതി ശുപാർശ ചെയ്യുന്നു. ഇത് ധനക്കമ്മിഷൻ അംഗീകരിച്ചാൽ കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്കുള്ള പണം പകുതിയായി കുറയും. ധനക്കമ്മിഷൻ നൽകുന്ന സഹായധനം തുടരണോ എന്നതും പരിഗണനാവിഷയമാണ്. കേന്ദ്രത്തിന്‍റെ പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന നിർദേശവും സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. ജനപ്രിയപദ്ധതികൾ എങ്ങനെ നിർത്തലാക്കാമെന്നതും പരിഗണനയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്.

0Shares