ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് നാളെ കാസര്‍കോട്ട് കൊടിയേറ്റം.

  • Post category:news
  • Reading time:2 mins read
You are currently viewing ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് നാളെ കാസര്‍കോട്ട് കൊടിയേറ്റം.

കാസര്‍കോട്: ഭാഷകളുടെയും സാംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയായ കാസര്‍കോട്ട് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് വ്യാഴാഴ്ച തിരി തെളിയും. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ‘ ജനസംസ്‌കൃതി’ എന്നാണ് പേരിട്ടിട്ടുള്ളത്. നാളെ രാവിലെ 10.30 ന് കേരള കലാമണ്ഡലത്തിലെ 30ഓളം നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടിയോടെയാണ് സര്‍ഗ്ഗ സൗന്ദര്യത്തിന്റെ ഇതള്‍ വിടര്‍ത്തുന്ന ഈ മഹാ സംരംഭത്തിന് തുടക്കം കുറിക്കുക. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

ചടങ്ങില്‍ പി. കരുണാകരന്‍ എംപി, പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, അഗ്രഹാര കൃഷ്ണമൂര്‍ത്തി (കന്നഡ), കെ. ശിവ റെഢി(തെലുങ്ക്), ഡോ.എം. രാമസ്വാമി(തമിഴ്), ഡോ. മീനാക്ഷി(തുളു), ടി.ഡി രാമകൃഷ്ണന്‍, പ്രൊഫ. എം. എ റഹ് മാന്‍, ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍, എംഎല്‍എ മാരായ എം. രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍(ഉദുമ), പി.ബി അബ്ദുള്‍ റസാഖ്( മഞ്ചേശ്വരം), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.


ഉച്ചയ്ക്ക് ശേഷം നടക്കുന്ന കവി സമ്മേളനത്തില്‍ പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പ്രഭാഷണം നടത്തും. വൈകീട്ട് നടക്കുന്ന സെമിനാറില്‍ ഇ.പി രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് സാറാ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന നാടോടി കലകളുടെ അവതരണവും, തെരുവു നാടകങ്ങള്‍, നാടകങ്ങള്‍, തുടങ്ങിയവയും അരങ്ങേറും. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന സെമിനാര്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് ഹസ്സന്‍ ഭായി ഷഹനായി കച്ചേരി അവതരിപ്പിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ സപ്തഭാഷാ സംഗമ ഭൂമിയെ മൂന്ന് ദിവസം അനുഭൂതി സാന്ദ്രമാക്കിയ ‘ജനസംസ്‌കൃതി’ക്ക് കൊടിയിറങ്ങും.

0Shares