തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് രാജി വച്ച എ.കെ ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദിയിലായിരുന്നു വൈകിട്ട് നാല് മണിയോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ചീഫ് സെക്രട്ടറി നളിനി നെറ്റോ തോമസ് ചാണ്ടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. എ.കെ ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗതം, ജലഗതാഗതം വകുപ്പുകള്‍ തോമസ് ചാണ്ടി കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍, മന്ത്രി സഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ചു. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.