‘തോബിയാസിലൂടെ അച്ഛനും മകളും ഞായറാഴ്ച അരങ്ങിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ‘തോബിയാസിലൂടെ അച്ഛനും മകളും ഞായറാഴ്ച അരങ്ങിലേക്ക്

നീലേശ്വരം: അച്ഛനും മകളും മാത്രം കഥാപാത്രങ്ങളായെത്തുന്ന കേരളത്തിലെ അപൂര്‍വ നാടകം തോബിയാസ് ഒരു നാടകക്കാരന്‍ എന്ന നാടകം ഞായറാഴ്ച പട്ടേന ജനശക്തി സാംസ്‌ക്കാരിക വേദിയില്‍ അരങ്ങേറും. പട്ടേന ജനശക്തി സാംസ്‌ക്കാരിക വേദി ജനശക്തി വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെയാണ് നാടകം രംഗത്തെത്തുന്നത്. നിരവധി പ്രൊഫഷണല്‍ അമേച്വര്‍ നാടകങ്ങള്‍ക്ക് ദീപസംവിധാനം നിര്‍വഹിച്ച പ്രശസ്ത നാടകപ്രവര്‍ത്തകന്‍ രവി പട്ടേനയും മകള്‍ അശ്വതി രവീന്ദ്രനുമാണ് തോബിയാസ് ഒരു നാടകക്കാരന്‍ നാടകത്തില്‍ കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. ചിന്‍മയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ് അശ്വതി. സംസ്ഥാന നാടക അവാര്‍ഡ് ജേതാവും സംവിധായകനുമായ പ്രദീപ് മണ്ടൂരാണ് നാടകരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു നാടകക്കാരന്റെ യഥാര്‍ഥ ജീവിതകഥയാണ് രംഗത്ത് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പ്രദീപ് മണ്ടൂര്‍ അറിയിച്ചു. ഒന്നേകാല്‍ മണിക്കൂറുള്ള നാടകം നാടകം കൊണ്ടു ജീവിതം കളഞ്ഞുകുളിച്ച് അവസാനം ഗതികേടു കൊണ്ട് ഒരു പ്രൊഫഷണല്‍ ട്രൂപ്പിന്റെ ദീപ സംവിധാനം നടത്തേണ്ടി വന്ന ഒരു നാടകട്രൂപ്പുടമയുടെ കഥയാണ് പറയുന്നത്.ദീപസംവിധാനം നിര്‍വഹിച്ച് കൊണ്ടു തന്നെ രവി പട്ടേന നാടകത്തില്‍ അഭിനയിക്കുന്നതെന്നും ഈ നാടകത്തിന്റെ മാത്രം പ്രത്യേകതയാണ്. വാര്‍ത്താ സമ്മേളനത്തില്‍ നാടകസംവിധായകന്‍ പ്രദീപ് മണ്ടൂര്‍, രവി പട്ടേന, നൃത്ത സംവിധായകന്‍ സുരേന്ദ്രന്‍ പട്ടേന, സാസ്‌ക്കാരിക പ്രവര്‍ത്തകന്‍ ഇ.കെ.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

0Shares