തൊഴിൽ ചെയ്ത് വിയർക്കുക.. തളർന്നാസ്വദിക്കുക, ഇരുട്ട് മാറട്ടെ… പുലർകാല പൊട്ട് നെറ്റിക്കണ്ണാകട്ടെ- ഇന്നു മുതൽ.. മെയ്,ഒന്നു മുതൽ

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിൽ ചെയ്ത് വിയർക്കുക.. തളർന്നാസ്വദിക്കുക, ഇരുട്ട് മാറട്ടെ… പുലർകാല പൊട്ട് നെറ്റിക്കണ്ണാകട്ടെ- ഇന്നു മുതൽ.. മെയ്,ഒന്നു മുതൽ

ശരത്ചന്ദ്ര വര്‍മ്മ

അക്ഷരങ്ങൾ കാതുകൾക്ക് വരെ അയിത്തമായിരുന്നവർക്ക്, അസ്വസ്ഥതകളുടെ ഉടമകൾ മാത്രമാണ് അടിമകളെന്നറിഞ്ഞിരുന്നവർക്ക് മുമ്പിൽ പ്രതീക്ഷയുടെ വെളിച്ചമായി, ചൂടായി കുറെയധികം പേർ മണ്ണിൽ കയ്യും, മെയ്യും ചേർത്തു. പൊരുതി വീണവരുടെ ചോര പുരണ്ട സൂര്യോദയം മെയ്ദിനസ്മരണകളായി ചിറകടിക്കുന്നു. അക്ഷരങ്ങൾ യന്ത്രങ്ങൾക്ക് വഴിമാറുമ്പോൾ, അക്ഷമതയുടെ ഉടമകളാകുന്ന പുതിയ സാങ്കേതിക – യടിമകളേ.. നിങ്ങളെ അന്തക വിത്തുകളാക്കുന്നുവെന്നറിയുക. ചിന്തകളിൽ, വാക്കുകളിൽ, പ്രവൃത്തികളിൽ ആരോ ചിപ്പുകൾ തിരുകി വയ്ക്കുന്നു. യന്ത്രപ്പാവകളാകാതെ, സ്വതന്ത്രപ്പറവകളാകാൻ…ചിറകുകൾ മുറിക്കപ്പെടും മുമ്പേ തയ്യാറാവുക.

തൊഴിലും, തൊഴിൽ തേടുന്നവരും, തൊഴിലാളുന്നവരുമാണ് ഊഴിയുടെ മൊഴിയും, വഴിയും, അഴകുമെന്നോർമ്മിക്കുക. കൃത്രിമ പ്രകാശവും, കാറ്റുമായുമുള്ള നിത്യ സമ്പർക്കം നിങ്ങളെ സ്ഥിര രോഗികളാക്കിയേക്കാം. ഒരു സ്വിച്ചിൽ നിങ്ങളെ നിയന്ത്രിച്ചിടും മുന്‍പ് സ്വന്തം ശക്തി കണ്ടെത്തുക, തിരിച്ചറിയുക, സംഘശക്തികളാവുക. വരുതിയിലാക്കുന്നതിനെതിരേ പൊരുതുക. മരണമെന്ന അനിവാര്യ മാരണത്തിന് കീഴടങ്ങും മുമ്പേ ജീവിതം അവകാശമെന്നറിയുക.

സുഖലഹരികളിൽ മാത്രം മുഴുകി സ്വയം ഉള്ളിലേയ്ക്കു് വലിയാതിരിക്കുക. തന്നെത്താനെ ചങ്കിൽ കുത്തി മരിക്കുന്നതിനേക്കാൾ നല്ലത് ലോക കുടുംബാംഗങ്ങൾക്കായി അങ്കം വെട്ടുന്നതാണ്. തൊഴിൽ ചെയ്ത് വിയർക്കുക.. തളർന്നാസ്വദിക്കുക. ഇരുട്ട് മാറട്ടെ… പുലർകാല പൊട്ട് നെറ്റിക്കണ്ണാകട്ടെ. ഇന്നു മുതൽ.. മെയ്,ഒന്നു മുതൽ.

0Shares