
കാസർകോട്: ഓരോ ഗ്രാമീണകുടുംബത്തിനും ഒരു വര്‍ഷം നൂറു ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പ് നല്‍കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ എട്ടുമാസത്തിനിടെ ജില്ലയില്‍ സൃഷ്ടിച്ചത് 24,34,935 തൊവില്‍ ദിനങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 1,56,960 കുടുംബങ്ങള്‍ക്കാണ് പദ്ധതി ജീവിതാശ്വാസമായി മാറുന്നത്.
ഈ കുടുംബങ്ങളില്‍ നിന്നുള്ള 2,28,005 പേരാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനം തേടുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 1,56,661 കുടുംബങ്ങള്‍ക്ക് ഇതിനകം തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗവിഭാഗത്തിന് തൊഴില്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാനത്ത് മികച്ച നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലു വരെ 7361 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയെങ്കില്‍ ഈ മാസം നാലു വരെ 8438 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. ഇതിലൂടെ 1077 അധികം പട്ടികവര്‍ഗ കുടുംബങ്ങളാണ് ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.

തൊഴിലുറപ്പ് പദ്ധതിയില്‍ പരപ്പ ബ്ലോക്കാണ് ജില്ലയില്‍ മികച്ച പ്രവര്‍ത്തനവുമായി മുന്നേറുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് പരപ്പ ബ്ലോക്കാണ്. 6,96,257 തൊഴില്‍ ദിനങ്ങളാണ് പരപ്പ ബ്ലോക്ക് സൃഷ്ടിച്ചത്. കാറഡുക്കയില്‍ 4,75,474 തൊഴില്‍ ദിനങ്ങളും, നീലേശരം 4,18,497 , കാഞ്ഞങ്ങാട് 4,14,651 , കാസര്‍കോട് 2,74,836 , മഞ്ചേശ്വരം 1,55,220 തൊഴില്‍ ദിനങ്ങളുമാണ് സൃഷ്ടിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ നൂറുദിനം പൂര്‍ത്തിയാക്കിയതും ഇതേ ബ്ലോക്കിലാണ്.
ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയതിലും പരപ്പയാണ് മുന്നില്‍. 37,075 കുടുംബങ്ങളാണ് പരപ്പയില്‍ തൊഴില്‍ കാര്‍ഡ് നേടിയത്. നീലേശ്വരത്ത് 26,050 കുടുംബങ്ങള്‍ക്കും കാറഡുക്കയില്‍ 25,822, കാഞ്ഞങ്ങാട് 24,973 കാസര്‍കോട് 23,526 മഞ്ചേശ്വരത്ത് 19,215 കുടുംബങ്ങള്‍ക്കുമാണ് തൊഴിൽ കാർഡ് നല്‍കിയത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 1084 പേരാണ് നൂറുദിനം പൂര്‍ത്തീകരിച്ചത്. ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് പരപ്പ ബ്ലോക്കാണ്. പരപ്പയില്‍ 452 പേരാണ് നൂറുദിനം പൂര്‍ത്തിയാക്കിയത്. കാറഡുക്കയില്‍ 266 പേരും കാഞ്ഞങ്ങാട് 182, കാസര്‍കോട് 124, മഞ്ചേശ്വരം 39, നീലേശ്വരത്ത് 21 പേരുമാണ് നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്.
