തൊടുപുഴയിലെ ഏഴു വയസുകാരന്‍റെ കൊലപാതകം: അമ്മയ്ക്ക് ജാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing തൊടുപുഴയിലെ ഏഴു വയസുകാരന്‍റെ കൊലപാതകം: അമ്മയ്ക്ക് ജാമ്യം

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ അമ്മക്ക് ജാമ്യം. തൊടുപുഴ മുട്ടംകോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇവരുടെ അറസ്റ്റ്. മര്‍ദ്ദന വിവരം മറച്ചുവെയ്ക്കുകയും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ സംരക്ഷിക്കുകയും ചെയ്തതായി വ്യക്തമായതിനെത്തുടര്‍ന്നായിരുന്നു അമ്മയെ അറസ്റ്റു ചെയ്തത്.

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. മകന്‍റെ മരണത്തിനു ശേഷം കൗണ്‍സിലിംഗും ചികിത്സയുമായി കഴിയുകയായിരുന്നു ഇവര്‍.

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ാം വകുപ്പിന്‍റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

0Shares