കാസര്‍കോട്: ബുധനാഴ്ച മുതല്‍ തൊക്കോട്ട് സ്റ്റോപ്പ് റെയില്‍വേ ഒഴിവാക്കിയതോടെ മലയാളികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന നാല് ആശുപത്രികളുള്ളത് ദര്‍ലക്കട്ടയിലാണ്. അവിടേക്ക് പോകാന്‍ ട്രെയിനിറങ്ങേണ്ടത് തൊക്കോട്ടായിരുന്നു. രാവിലെ 6.20ന് പുറപ്പെട്ട് 8.30ന് മംഗളൂരുവില്‍ എത്തുന്ന 56661 നമ്പര്‍ ചെറുവത്തൂര്‍ മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍, വൈകിട്ട് 4.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട്, രാത്രി 7.55 ന് കണ്ണൂരില്‍ എത്തുന്ന 56656 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ കണ്ണൂര്‍ പാസഞ്ചര്‍ എന്നിവയുടെ സ്റ്റോപ്പാണ് നിര്‍ത്തിയത്. രാവിലെ ചെറുവത്തൂരില്‍നിന്നുള്ള ട്രെയിന്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. വരുമാനമില്ലെന്നാണ് കാരണമായി റെയില്‍വേ പറയുന്നത്.
നിലവില്‍ രണ്ടു വണ്ടികള്‍ക്കാണ് ഹാള്‍ട്ട് സ്റ്റേഷനായ തൊക്കോട്ട് സ്റ്റോപ്പുണ്ടായിരുന്നത്. വരുമാനം കുറഞ്ഞതിനാല്‍ ഹാള്‍ട്ട് ഏജന്റാകാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. മംഗളൂരു സെന്‍ട്രല്‍, ജങ്ഷന്‍ സ്റ്റേഷന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പാണ് തെക്കോട്ടേത്. പ്രധാന ടൗണായി മാറിക്കൊണ്ടിരിക്കുന്ന തൊക്കോട് നിരവധി യാത്രക്കാര്‍ എത്തുന്നു. ആശുപത്രികളും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ദെര്‍ലക്കട്ടെ, ഉള്ളാള്‍, തൊക്കോട് മേഖലയില്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്നു. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയരുമ്പോളാണ് പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പും ഒഴിവാക്കിയത്. അതേ സമയം മംഗളൂരുവിലെ ആശുപത്രികളുടെ പരസ്പരപോരാണോ പിന്നിലെന്ന സംശയവും ഇവിടെ നിലവില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ദര്‍ലക്കട്ടയിലെ ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതേ സമയം മംഗളൂരുവിലെ ആശുപത്രികളില്‍ കഴുത്തറപ്പന്‍ വിലയായതിനാല്‍ രോഗികള്‍ ദര്‍ലക്കട്ടയിലേക്കാണ് പോകുന്നത്. അതേസമയം 20 ഓളം ആശുപത്രികളുളള മംഗളൂരുവില്‍ രോഗികളെ വലവീശാനായി ആശുപത്രി ഏജന്റുകള്‍ പല തട്ടിപ്പുകളും നടത്തിവരുന്നുണ്ട്.
അതിനിടേയാണ് ദര്‍ലക്കട്ടയിലേക്കുള്ള രോഗികളുടെ യാത്രയ്ക്ക് തടസമായി സ്‌റ്റോപ് ഒഴിവാക്കിയത്. ഇനി മംഗളൂരുവിലോ, ഉള്ളാളോ പോയി വേണം ദര്‍ലക്കട്ടയിലെത്താന്‍. പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തി തൊക്കോട്ട് ഹാള്‍ട്ട് സ്റ്റേഷന്‍ നിര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് നിവേദനം നല്‍കി. ചെറുവത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍, മംഗളൂരു സെന്‍ട്രല്‍- കണ്ണൂര്‍ പാസഞ്ചര്‍ എന്നിവയുടെ തൊക്കോട്ടുള്ള സ്റ്റോപ്പാണ് നിര്‍ത്തിയത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന നടപടിയില്‍ നിന്ന് റെയില്‍വേ പിന്തിരിയണമെന്ന് എം.പി ആവശ്യപ്പെട്ടു.
തൊക്കോട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഇനി ഓര്‍മയില്‍ മാത്രം; പിന്നില്‍ കളിച്ചത് മംഗളൂരുവിലെ ആശുപത്രി ലോബികളോ? തിരിച്ചടിയായത് ദര്‍ലക്കട്ടയിലെ ആശുപത്രികളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക്