നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറം സുനാമി പുനരധിവാസ കോളനിയിലൂടെയുള്ള റോഡില്‍ സമീപപ്രദേശക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി. കോളനിയുടെ തൊട്ടടുത്തുള്ള പതിനഞ്ച് കുടുംബങ്ങളുടെ ഇതുമൂലം വഴിമുട്ടിയത്. കോളനിയുടെ സമീപം താമസിക്കുന്ന ഭിന്നശേഷിയില്‍പെട്ടവരും, പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് റോഡിലൂടെയുള്ള സഞ്ചാരം നിഷേധിച്ചതായി നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. സുനാമി കോളനിയില്‍ 16 വീടുകളാണുള്ളത്. 2015-16 സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം രൂപ ചെലവിട്ടാണ് നൂറു മീറ്ററോളം ടാറിട്ട റോഡ് നിര്‍മിച്ചത്. ഇതിനു തൊട്ടടുത്ത് 19 വര്‍ഷത്തിലധികമായി താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് റോഡ് നിഷേധിക്കപ്പെട്ടത്. കോളനി വരുന്നതിനു മുന്‍പ് നിലവില്‍ റോഡുള്ള വഴിയിലൂടെയാണ് ഈ കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്നത്. തങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ റോഡ് നിര്‍മിക്കാന്‍ ഇവര്‍ സ്ഥലം നീക്കിവച്ചിട്ടുണ്ടെങ്കിലും കോളനി നിവാസികളുടെ പിടിവാശി മൂലം അതു നടക്കാതെ പോവുകയായിരുന്നു.
അതേ സമയം കോളനിയിലുള്ളവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് സമീപവാസികളാണെന്നതും ശ്രദ്ധേയമാണ്. അതേസമയം കോളനി നിവാസികള്‍ക്കു മാത്രമാണ് റോഡെന്നും, പൊതു ആവശ്യത്തിന് ഇത് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. മറ്റു പരാതികള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേ സമയം കോളനിയുടെ സമീപവാസികള്‍ റോഡ് തങ്ങള്‍ക്കു കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എ.ഡി.എമ്മിനു നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തിനു തീരുമാനമായില്ലെങ്കില്‍ ദേശീയപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍.
തൈക്കടപ്പുറം സുനാമി കോളനി റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി