
കാസര്‍കോട് മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിട്ടയക്കപ്പെട്ടവർ സംഘപരിവാർ പ്രവർത്തകരാണ്. 6 തവണ വിധി പറയുന്നത് മാറ്റിവെച്ച കേസില്‍ ജഡ്ജി ജശശികുമാറാണ് വിധിപറഞ്ഞത്.
ജെ.പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ. എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും അഡ്വ. രവീന്ദ്രനുമാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചിരുന്നത്.

2013 ജൂലൈ ഏഴിന് പകല്‍ 11.30 ഓടെ അണങ്കൂര്‍ ജെ.പി കോളനി പരിസരത്താണ് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.
കേസില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷിക്കുകയുണ്ടായി. ഉത്തരവ് പുറത്ത് വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. പോലീസ് അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ വീഴ്ച്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം സാക്ഷിയും കൊല്ലപെട്ട സാബിത്തിന്‍റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യ്തിരുന്ന സുഹൃത്ത് റഹീസ് കൃത്യമായ മൊഴി നല്‍കിയിട്ടും പ്രതികളെ ശിക്ഷിക്കാനുള്ള തലത്തിലേക്ക് പോലീസിന്‍റെ അന്വേഷണം എത്തിയില്ലെന്നാണ് കരുതുന്നത്.
