തെരഞ്ഞെടുപ്പ് പ്രചാരണം; കാസര്‍കോട് ഡി.സി.സിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പ്രചാരണം; കാസര്‍കോട് ഡി.സി.സിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഡി.സി.സിയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പ്രചാരണ പരിപാടികളിലുണ്ടായ ആസൂത്രണത്തില്‍ പാളിച്ചകള്‍ പറ്റിയെന്ന് കുറ്റപ്പെടുത്തി ഉണ്ണിത്താന്‍ ഇന്ന് യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും പഴുതടച്ചുള്ള പ്രചരണം മണ്ഡലത്തില്‍ ആരംഭിക്കുമെന്നും ഉണ്ണിത്താന്‍ പിന്നീട് പറഞ്ഞു.

ഇന്ന് രാവിലെ മണ്ഡലത്തില്‍ നടന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ വിമര്‍ശനമുന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ മണ്ഡലത്തിലെത്തിയതു മുതല്‍ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോയതിനാല്‍ തനിക്ക് വിശ്രമം ലഭിച്ചില്ലെന്നും ഭക്ഷണം കഴിക്കുവാന്‍ പോലും സമയം തന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉച്ചയ്ക്ക് നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു.

നിലവില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിച്ചെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി നാളെ മുതല്‍ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മറ്റന്നാള്‍ കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. ശേഷം ഏഴ് നിയോജക മണ്ഡലങ്ങളിലും അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കും.മുന്‍പേ തന്നെ പ്രചാരണം ആരംഭിച്ച എല്‍.ഡി.എഫിനൊപ്പമെത്താന്‍ തിരക്കിട്ട പ്രചരണ പരിപാടിയാണ് യു.ഡി.എഫ് ആലോചിക്കുന്നത്.

0Shares