
കാസര്‍കോട്: തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി ചുവരെഴുത്ത് നടത്തുക സാധാരണമാണ്. പക്ഷെ ചുവരെഴുത്ത് നടത്തിയ മതില്‍തന്നെ അപ്രത്യക്ഷമായാലോ? അങ്ങിനെയും ഉണ്ടായിരിക്കുന്നു… രാത്രിയില്‍ പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി, പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ മതില്‍ അപ്രത്യക്ഷമായി!!

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലാണ് സംഭവം നടന്നത്. ഇവിടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി പ്രവര്‍ത്തകര്‍ രാത്രിയില്‍ ചുവരെഴുത്ത് നടത്തിയതിന് പിന്നാലെയാണ് രാത്രി തന്നെ ചുവരെഴുതിയ മതില്‍ തകര്‍ക്കപ്പെട്ടത്. മണ്ഡലത്തിലെ പിലിക്കോട് മല്ലക്കര കരപ്പാത്താണ് സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.വി.ടി പ്രദീപന്‍റെ ചുറ്റുമതിലാണ് ഒരു സംഘം അജ്ഞാതര്‍ രാത്രി തകര്‍ത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചുവരെഴുത്ത് നടത്തിയത്. പിന്നാലെ തന്നെ ഒരു സംഘം വന്ന് മതില്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. സി.പി.എം പ്രവര്‍ത്തകരാണ് മതില്‍ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചന്തേര പോലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
