
പീതാംബരൻ കുറ്റിക്കോൽ
ആചാരാനുഷ്ടാനങ്ങളുടെ ത്യാഗനിർഭരമായ തെയ്യാട്ടത്തിന്റെ ജീവിതാനുഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞ് നിർത്തിയപ്പോൾ സ്കൂൾ കുട്ടികളുടെ കണ്ണുകൾ ഈറനണിഞ്ഞു. കുറ്റിക്കോൽ തമ്പുരാട്ടി ക്ഷേത്രത്തിൽ മൂന്നു പതിറ്റാണ്ടുകാലം കാളരാത്രി ഭഗവതിയെ കെട്ടിയാടി ഭക്തർക്ക് ഭഗവതി ദർശനം നൽകിയ കോലധാരി കക്കപ്രയത്ത് ചിണ്ടൻ പെരിയ കർണാമൂർത്തിയാണ് കുട്ടികൾക്ക് അനുഭവം പകർന്നത്. കാസറഗോഡ്, കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായി മൂവായിരത്തഞ്ഞൂറോളം തെയ്യക്കോലം കെട്ടിയാടുന്നതിനും പ്രദേശങ്ങളിലെ വയനാട്ടുകുലവൻ ദേവസ്ഥാനങ്ങളിൽ ഇരുന്നൂറോളം വായനാട്ടുകുലവനെ അരങ്ങിലെത്തിക്കുന്നതിനും ഭാഗ്യം ലഭിച്ച ചിണ്ടൻ കർണ്ണമൂർത്തിയുടെ തൊണ്ണൂറ്റിയൊന്നു വയസ്സിന്റെ അവശതയിൽ നിന്നാണ് കുറ്റിക്കോൽ എ.യു.പി സ്കൂൾ, ബേത്തൂർപാറ, കുണ്ടംകുഴി, ഇരിയണ്ണി ഹയർ സെക്കണ്ടറി സ്കൂൾ, മുന്നാട് പീപ്പിൾസ് കോളേജ്, പടുപ്പ് സാൻജിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഗതകാല ചരിത്രം തിരഞ്ഞത്.
പെരിയ മീത്തൽ തറവാട്ടിൽ ഊർപ്പഴശീശ്വര തെയ്യത്തിനാണ് ആദ്യ ചിലമ്പണിയൽ. അതിനും മുമ്പേ പന്ത്രണ്ടാം വയസിൽ ആടിവേടൻ തെയ്യം കെട്ടി. തൃക്കണ്ണാട് മുതൽ കാവേരി വരെയും ദക്ഷിണകന്നടമേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന തെയ്യക്കാരനായി. വെളിച്ചപ്പാടൻ തെയ്യം, പുള്ളികരിങ്കാളി, ചൂളിയാർ ഭഗവതി, കന്നിക്കൊരു മകൻ, പുള്ളിപ്പൂവൻ, അരീക്കര ഭഗവതി, നടയിൽ ഭഗവതി, പാടാർകുളങ്ങര ഭഗവതി, രക്തജാതൻ, വേട്ടയ്ക്കൊരു മകൻ, ഐവർ തെയ്യങ്ങൾ, കാലിച്ചേകവൻ തെയ്യം, കോരച്ചൻ തെയ്യം, കണ്ടനാർ കേളൻ തെയ്യം, വയനാട്ടുകുലവൻ തെയ്യം, കാളരാത്രി ഭഗവതി തുടങ്ങി കെട്ടിയാടിയ തെയ്യങ്ങൾ മൂവായിരത്തോളം. ഇതിൽ ഏറ്റവും കൂടുതൽ കെട്ടിയാടിയത് ഉത്തരമലബാറിലെ വിശ്വാസികളുടെ തൊണ്ടച്ചനായ വയനാട്ടുകുലവനെയാണ്. മുന്നൂറിലധികം ദേവസ്ഥാനങ്ങളിൽ. കുറ്റിക്കോൽ ബേത്തൂർ കുന്നത്ത് തറവാട്ടിലാണ് ആദ്യം ചൂട്ടൊപ്പിച്ചത്. പെരിയ പരപ്പക്കെട്ടിൽ നടന്ന തെയ്യം കെട്ടിലാണ് കണ്ടനാർ കേളനെ ആദ്യം അരങ്ങിലെത്തിച്ചത്.
1974 -ൽ ചിറക്കൽ കോവിലകം കേരളവർമ രാജാവിൽ നിന്നും ‘കച്ചും ചിരികയും’ വാങ്ങി കർണാമൂർത്തിയായി ആചാരം കൊണ്ടു. തൃക്കണ്ണാട് മുതൽ കാവേരി വരെയാണ് അധികാര പരിധി. തെയ്യക്കാലം വ്രതാനുഷ്ഠാനങ്ങളുടെ നാളുകളാണ്. തെയ്യം കെട്ടുമ്പോൾ ‘വാക്കും ചേലും’ ഒത്തു നിക്കണം. ഓരോ തെയ്യം കെട്ടുമ്പോഴും മനസ്സുരുകി പ്രാർത്ഥിക്കും. ഭംഗിയായി മുഴുമിപ്പിക്കാൻ കഴിയണേയെന്ന്…. ആത്മാർത്ഥതയോടെ ചെയ്യും; ആരാധനാമൂർത്തികൾ കൈവെടിയില്ല…
അച്ഛൻ ചിരുകണ്ടൻ കർണമൂർത്തി. അമ്മ കാരിച്ചി. ഇവരുടെ ഇളയ സന്താനമായി 1931- ല്‍ ആണ് ജനനം. ബാല്യത്തിൽ തന്നെ അമ്മ നഷ്ടമായി. തുടർന്ന് അച്ഛനും. താനൂരിലെ അമ്മാവൻ കർത്തമ്പു കീഴൂർ കർണമൂർത്തിയുടെ സംരക്ഷണയിലാണ് വളർന്നത്. സ്കൂൾ വിദ്യാഭ്യാസം പരവനടുക്കം ഗവ. യു.പി സ്കൂളിൽ. തെയ്യം കെട്ടുന്നതിനു അമ്മാവൻ തന്നെയാണ് ഗുരു. താനൂരിൽ നിന്നും കുറ്റിക്കോലിലേക്കു ജേഷ്ഠസഹോദരൻ അമ്പു പെരിയ കർണമൂർത്തി കൂട്ടികൊണ്ടു വന്നു. സമൂഹത്തിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും ജീവിതാനുഭവത്തിൽ നിന്നും കിട്ടിയ ഉപദേശങ്ങളും ജ്ഞാനവും ജീവിതത്തിന് എന്നും വഴികാട്ടിയായെന്ന് ഒരു പുരുഷായുസ്സ് തെയ്യത്തിനായി ഉഴിഞ്ഞു വെച്ച ചിണ്ടൻ കർണമൂർത്തി പറഞ്ഞപ്പോൾ കുട്ടികൾ ജീവിതപാഠം കേട്ട് പഠിക്കുകയായിരുന്നു.
ഇതിനകം പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളിൽ നിന്നും ആദരവും അംഗീകാരവും ലഭിക്കുകയുണ്ടായി. കഴിഞ്ഞ തിരുവോണനാളിൽ കൂർമൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിക്കുകയുണ്ടായി. കുറ്റിക്കോലിൽ കൊച്ചുവീട്ടിൽ ഭാര്യ കാർത്യായനിക്കൊപ്പം താമസിച്ചു വരികയാണ്. ആദ്യ ഭാര്യ മാണിയിൽ ഒരു മകളുണ്ട്. പേര് ശാരദ. ശാരീരികമായ അസുഖം കാരണം ഇപ്പോൾ അരങ്ങിലും അണിയറയിലും സാന്നിധ്യമാകാൻ കഴിയാത്ത ദുഃഖത്തിലാണ് ഈ തെയ്യം കലാകാരൻ.
