കാസര്‍കോട്: കാസര്‍കോട് തെങ്ങിന്‍ പറമ്പില്‍ കണ്ടെത്തിയ തലയോട്ടി മൂന്നു മാസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെത്. ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ തലയോട്ടിയാണ് കാവുമ്പള്ളത്തെ സുനില്‍ കുമാറിന്റെ(32)താണെന്ന് വ്യക്തമായത്. തലയോട്ടിയെ കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളും സമീപപ്രദേശത്തു നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തോട്ടം നനയ്ക്കാനെത്തിയ ജോലിക്കാരാണ് തലയോട്ടി കണ്ടത്.

വിദ്യാനഗര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശരീരാവശിഷ്ടം സുനില്‍ കുമാറിന്റെതാണെന്ന് മനസ്സിലായത്. പോലീസ് നടത്തിയ തെരച്ചിലിലാണ് ബാക്കി അസ്ഥികളും കാണാതാകുമ്പോള്‍ യുവാവ് ധരിച്ചിരുന്ന മുണ്ടും ഷര്‍ട്ടും ബാഗും മൊബൈല്‍ ഫോണും ലഭിച്ചത്. യുവാവിനെ കാണാതായത് സംബന്ധിച്ച് മൂന്നു മാസം മുമ്പ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സുനില്‍ കുമാര്‍ മുംബൈയില്‍ ഉണ്ടെന്നും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടന്നില്ല. യുവാവിന്റെ മരണ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി തലയോട്ടികളും അസ്ഥികളും വിദഗ്ദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
