
സി. എ അജിതന്‍
തൃശ്ശൂർ ജില്ലയിൽ അവിണിശ്ശേരി പഞ്ചായത്തിൽ ആനക്കല്ലിനടുത്ത് അംബേദ്കർ കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടിക്ക് വിധേയമായ മഞ്ജുള – ശക്തിവേൽ ദമ്പതികളുടെ വീട് സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ വേദനാജനകമാണ്.
‘ജനിച്ചു വീണത് റോഡ് പുറമ്പോക്കിലേക്കാണ്. സർക്കാരിന്റെ സഹായത്തോടെ 27 വർഷം മുമ്പാണ് 4 സെന്റ് ഭൂമി അംബേദ്കർ കോളനിയിൽ ഞങ്ങൾക്ക് ലഭിച്ചത്. മൂന്ന് വർഷം മുമ്പ് ഭവന നിർമ്മാണത്തിന് സഹായധനം പാസായെങ്കിലും അതുകൊണ്ട് വീടുപണി പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോളാണ് യൂണിയൻ ബാങ്കിൽ നിന്ന് ഭവനനിർമ്മാണത്തിനായി നാലുലക്ഷം രൂപ വായ്പയെടുത്തത്. പത്തു വർഷത്തെ കാലാവധിയുള്ള വായ്പ ഒന്നര ലക്ഷം രൂപയും അടച്ചുതീർത്തിട്ടുണ്ട്.അച്ഛനും,അമ്മയും നിത്യരോഗികളായിരുന്നു.അവരുടെ ചികിത്സാ ചെലവും എല്ലാം കൂടി തിരിച്ചടവ് മുടങ്ങി. രണ്ടുപേരും അച്ഛനും, അമ്മയും മരിച്ചു. എന്റെ ഭർത്താവ് ശക്തിവേൽ അവരുടെ അച്ഛനും, അമ്മയും,എന്റെ അനിയത്തി മീരയും ഞങ്ങളുടെ അഞ്ചുകുഞ്ഞുങ്ങളുമടക്കം പത്തുപേർ താമസിക്കുന്ന നാലു സെന്റിലെ ഈ കൊച്ചു വീട്ടിൽ നിന്നാണ് ഒരറിയിപ്പോ നോട്ടീസോ നൽകാതെ ഞങ്ങളെ യൂണിയൻ ബാങ്ക് ജപ്തി ചെയ്ത് കുടിയിറക്കിയത്.ഞങ്ങൾ എവിടെപോകാനാ’മഞ്ജുള ചോദിക്കുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബാങ്ക് അധികാരികളും പോലീസും ഇത്തരം ഒരു മനുഷ്യത്വ രഹിതമായ നടപടികൈകൊണ്ടത്.മലയാളമറിയാത്ത ശക്തിവേലിന്റെ അച്ഛനേയും,അമ്മയേയുംകൊണ്ട് രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു.ഭക്ഷണവും, പാത്രങ്ങളും,വസ്ത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും വാരിവലിച്ചെറിഞ്ഞാണ് വീട് അടച്ചുപൂട്ടി സീൽ ചെയ്തത്. യുദ്ധ സമാനമായ രീതിയിലാണ് നാലു സെന്റിലെ ഈ കൊച്ചു വീട്ടിൽ പോലീസും, ബാങ്ക് അധികാരികളും കുടിയൊഴിപ്പിക്കൽ നടത്തിയത്. ഈ പഞ്ചായത്ത് ഭരിക്കുന്നത് ബി. ജെ. പി.യാണ്.സംസ്ഥാനം സി. പി. ഐ. (എം)ആണ്.ബ്ലോക്ക് സി. പി. ഐ., വാർഡ് മെമ്പർ കോൺഗ്രസ്. നമ്മള്‍ ആരെയാണ് പ്രതികൂട്ടിൽ നിറുത്തേണ്ടത്. നമുക്ക് മഞ്ജുളയ്ക്കും കുടുംബത്തോടുമൊപ്പം നിൽക്കാം.
എന്തായാലും ജനങ്ങൾക്ക് അനീതിക്കെതിരെ അടരാടിയേ പറ്റൂ. അതുകൊണ്ട് കിടപ്പാടവും,കൃഷിഭൂമിയും ജപ്തി ചെയ്യരുത്. സമഗ്രമായ ഭൂ പരിഷ്കരണത്തിനായ് കോളനികളിൽ നിന്ന് പാടികളിൽ നിന്ന് വൻകിട തോട്ടം ഭൂമികളിലേയ്ക്ക്.
