തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയെ ‘അനുപമ ക്ലിന്‍സണ്‍ ജോസഫ്’ ആക്കി സംഘപരിവാര്‍ വര്‍ഗീയ പ്രചരണം; പ്രകോപനം സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയെ ‘അനുപമ ക്ലിന്‍സണ്‍ ജോസഫ്’ ആക്കി സംഘപരിവാര്‍ വര്‍ഗീയ പ്രചരണം; പ്രകോപനം സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച കളക്ടര്‍ ടി.വി അനുപമക്കെതിരെ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം. തൃശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമല അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതിനാണ് വരണാധികാരിയുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്.

അതിന് പിന്നാലെയാണ് ടി.വി അനുപമയുടെ ഭര്‍ത്താവിന്‍റെ പേരും ചേര്‍ത്ത് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചരണം ആരംഭിച്ചത്. ധാരാളം സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് ടി.വി അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്.
സംഭവത്തില്‍ ബി.ജെ.പി ഉന്നയിക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്‍റെ ജോലി നിര്‍വഹണത്തിന്‍റെ ഭാഗം മാത്രമാണെന്നും അനുപമ പറഞ്ഞു.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണയും പറഞ്ഞിരുന്നു. സുരേഷ് ഗോപിക്കെതിരെ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കളക്ടര്‍ക്ക് സ്വതന്ത്രമായി നടപടി എടുക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുളളത്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാം. അദ്ദേഹം പറഞ്ഞു.

0Shares