കാസര്‍കോട്: കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരമായ തുളുഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉപസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി ഭരണസമിതി യോഗം നിയോഗിച്ചു. ജില്ലാ കലക്ടറും അക്കാദമി ട്രഷററുമായ ഡോ. ഡി. സജിത്ത് ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ചെയര്‍മാന്‍ ഉമേശ് എം. സാലിയാന്‍ അദ്ധ്യക്ഷനായി. അക്കാദമിയുടെ മുഖപത്രമായ ‘തെംബര’യുടെ പുനഃപ്രസിദ്ധീകരണം ഉടന്‍ തുടങ്ങും. തുളുനാടിലെ വിവിധ ഉത്സവങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിയുടെ നേതൃത്വത്തില്‍ ആഘോഷിക്കും. പുതിയ നിര്‍വാഹക സമിതിയെയും യോഗം തിരഞ്ഞെടുത്തു.
ചെയര്‍മാന്‍ ഉമേശ് എം. സാലിയാന്‍, സെക്രട്ടറി വിജയകുമാര്‍ പാവള, ജില്ലാ കലക്ടര്‍ ഡോ. സജിത് കുമാര്‍, ബാലകൃഷ്ണ ഷെട്ടിഗാര്‍, രാമകൃഷ്ണ കടമ്പാര്‍, വിശ്വനാഥ കുദൂര്‍ എന്നിവരാണ് അംഗങ്ങള്‍. അക്കാദമിയുടെ ഓഫീസ് ജില്ലാ കലക്ടറേറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9447023384 (ചെയര്‍മാന്‍), 9496139384 (സെക്രട്ടറി). യോഗത്തില്‍ രവീന്ദ്ര മല്ലാവര, എസ്.നാരായണ ഭട്ട്, രാധകൃഷ്ണ ഉളിയത്തട്ക്ക, രാജു സ്റ്റീഫന്‍ ഡിസൂസ, ശാലിനി കുമ്പള, ഭാരതി ബാബു, എം.ജി. നാരായണ രാവു, ബി. സചിത റൈ തുടങ്ങിയവര്‍ സംബന്ധിച്ചു.