കാസര്‍കോട്: കേരളത്തില്‍ സിപിഎമ്മിന്റെ മുഖപത്രമായ ‘ദേശാഭിമാനി’ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിജയഗാഥ തന്നെയാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന് മാത്രം സാധിക്കുന്ന നേട്ടം. സംസ്ഥാനത്ത് സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധിച്ച പത്രമാണിത്. സിപിഎം കാരെ
സംബന്ധിച്ചിടത്തോളം ‘ദേശാഭിമാനി’ അവരുടെ ഹൃദയത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ പത്രത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്. മലയാള മനോരമയും മാതൃഭൂമിയും കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന പത്രം ഏത് എന്ന ചോദ്യത്തിന് മറ്റൊരു സംശയത്തിന് പ്രസക്തിയില്ല. ഇത്രയും പറഞ്ഞത് സിപിഎമ്മിന്റെ പാര്‍ട്ടി പത്രത്തെക്കുറിച്ച്. കാസര്‍കോട് ജില്ലയിലെ സിപിഎമ്മിനും ഇത്രയും കാലം ഒരു പത്രം സ്വന്തമായി ഉണ്ടായിരുന്നു! -‘ തുളുനാട് ടൈംസ്’.കാസര്‍കോട് ,മഞ്ചേശ്വരം താലൂക്കുകളിലെ കര്‍ണ്ണാടകയും തുളുവും സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ പത്രം സാക്ഷാത്കരിച്ചത്.

മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളില്‍ അധിവസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ കന്നഡ മാതൃഭാഷയായുള്ളവരാണ്. ഇവരെയും സിപിഎം കാരായ പരസഹസ്രം ആളുകളെയും ഉദ്ദേശിച്ചാണ് ഒന്നര വര്‍ഷം മുമ്പ് തുളുനാട് ടൈംസ് മധ്യാഹ്നപത്രം ആരംഭിച്ചത്. ദേശീയ പാതയോരത്ത് വിദ്യാനഗര്‍ ബിസി റോഡരികില്‍ പ്രവര്‍ത്തനം തുടങ്ങിയ തുളുനാട് ടൈംസ് ഉദ്ഘാടനം ചെയ്തത് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എ യുമായ പി. രാഘവന്‍ ഈ പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായി വര്‍ത്തിച്ചു. കന്നഡയിലെ പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമായ രാധാകൃഷ്ണ ഉളിയത്തടുക്ക ന്യൂസ് എഡിറ്റര്‍. പത്തോളം സ്റ്റാഫ്. പ്രമുഖ ട്രെയ്ഡ് യൂണിയന്‍ നേതാവ് എം.കൃഷ്ണന്‍ മാനേജര്‍. കന്നഡ വിഭാഗത്തില്‍ വലിയ പ്രതീക്ഷയും ആവേശവും പകര്‍ന്നുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ തുളുനാട് ടൈംസ് അതിന്റെ ദൗത്യ നിര്‍വഹണം പൂര്‍ത്തിയാക്കാനാവാതെ ചിറകൊടിഞ്ഞ് വീണിരിക്കുകയാണ് ഇപ്പോള്‍. ആദ്യഘട്ടത്തില്‍ ആറായിരം കോപ്പി അച്ചടിച്ചിരുന്ന പത്രം ഒടുവില്‍ നേര്‍പകുതിയായി കുറഞ്ഞു. സര്‍ക്കുലേഷന്‍ കുറഞ്ഞ്, പരസ്യങ്ങള്‍ കിട്ടാതെ പത്രം ചക്രശ്വാസം വലിച്ചു.

പാര്‍ട്ടിക്കാരില്‍ നിന്ന് സ്വീകാര്യത കൈമോശം വന്നുപോയ തുളുനാട് ടൈംസ് ഒടുവില്‍ ഇപ്പോള്‍ സങ്കടം നിറഞ്ഞ ഓര്‍മയായി. സമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ തുളുനാട് ടൈംസിന് താഴുവീണപ്പോള്‍ നിസ്സഹായരായ ജീവനക്കാര്‍ ഇടറുന്ന മനസ്സോടെ പടികടന്ന് പോയി. തുളുനാട് ടൈംസ് ആര്‍ക്കും വേണ്ടാതായി എന്ന് ചുരുക്കം. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ അഭാവവും ഗൗരവമില്ലായ്മയും കാര്യക്ഷമതയില്ലായ്മയുമാണ് ഈ പത്രത്തിന്റെ അന്ത്യത്തിന് കളം ഒരുക്കിയത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇത് തുളുനാട് ടൈംസിന്റെ കാര്യം. കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന് ഇതിന് മുമ്പും ഇതു പോലൊരു പത്രം ഉണ്ടായിരുന്നു-‘കാസര്‍കോട് സമാചാര്‍’. പി.രാഘവന്‍ തന്നെ പ്രിന്ററും പബ്ലിഷറുമായി പ്രസിദ്ധീകരിച്ച ആ പത്രത്തിന് കഷ്ടിച്ച് നാലു വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ അഡ്വ. എം. രാമണ്ണറൈ ആയിരുന്നു ‘കാസര്‍കോട് സമാചാറി’ന്റെ പത്രാധിപര്‍. കൊട്ടും കുരവയോടെയും രംഗത്ത് വന്ന ആ പത്രത്തേയും കന്നഡികരായ സിപിഎം കാര്‍ തിരസ്‌കരിക്കുകയാണ് ഉണ്ടായത്. തുളുനാട് ടൈംസിന്റെ അനുഭവം തന്നെയായിരുന്നു കാസര്‍കോട് സമാചാറിന്റേതും. ചുരുക്കത്തില്‍ തുളുനാട്ടിലെ കന്നഡ സഖാക്കളെ ബോധവത്കരിക്കാനും ആവേശവും പ്രചോദനവും പകരാനുമായി സ്ഥാപിച്ച രണ്ട് പത്രങ്ങളും അകാല ചരമം അടഞ്ഞു..! ഞങ്ങള്‍ക്കും ‘ദേശാഭിമാനി’ മതി എന്നാണ് കന്നഡ സഖാക്കളുടെ പക്ഷം. മാതൃഭാഷ കര്‍ണ്ണാടകമാണെങ്കിലും അത്യാവശ്യം മലയാളം വശമുള്ള അവര്‍ ദേശാഭിമാനി വായിക്കുന്നു. കന്നഡയിലെ പ്രഭാത പത്രങ്ങളും വായിക്കുന്നതു കൊണ്ട് കാസര്‍കോട്ട് നിന്നുള്ള മറ്റൊരു കന്നഡ രാഷ്ട്രീയ പത്രത്തെ പുണരാന്‍ അവരാരും ഒരുക്കമല്ലതാനും. ഈ ഒരു സൈക്കോളജി മനസ്സിലാക്കാന്‍ സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ നേതൃത്വത്തിന് സാധിക്കുന്നില്ലാ എന്നുള്ളതാണ് ഖേദകരമായ കാര്യം. അതേസമയം അനേക വര്‍ഷങ്ങളായി കാസര്‍കോട്ട് നിന്നും
പ്രസിദ്ധീകരിക്കുന്ന ‘കാരവല്‍’ കന്നഡ മധ്യാഹ്ന പത്രമാകട്ടെ കന്നഡ മേഖലയില്‍ ചെലുത്തുന്ന സ്വാധീനം ഗണനീയമാണ്. കന്നഡ വിഭാഗത്തിന്റെ മനഃശാസ്ത്രം നന്നായി മനസ്സിലാക്കിയതിന്റെ ഫലമായാണ് കാരവല്‍ പത്രത്തിന് ഇത്തരത്തിലുള്ള ജനസമ്മതിയും സ്വീകാര്യതയും കൈവന്നിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഇനിയൊരു അബദ്ധത്തില്‍ ജില്ലയിലെ സിപിഎം നേതൃത്വം ചെന്നുചാടില്ലെന്നുവേണം കരുതാന്‍. ധന നഷ്ടവും സമയ നഷ്ടവും മാനഹാനിയും പശ്ചാത്താപവും എന്തിന് സ്വയം വരുത്തി വെക്കണം…?