
കാസർകോട്: തുലാവർഷ മഴയിലും കാറ്റിലും തകർന്ന വേദികളിൽ പ്രതിസന്ധികളെ അതിജീവിച്ച് സ്കൂൾ കലോത്സവത്തിന് നൂപുര ധ്വനികളുണർന്നു. കാസർകോട് ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളാണ് കൊളത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ ആരംഭിച്ചത്.

വ്യാഴാഴ്ച രാവിലെമുതൽ ഉണ്ടായ കനത്ത മഴയിൽ ഷീറ്റ് കൊണ്ടുള്ള പന്തൽ വേദികൾ പലതും ഉപയോഗ പ്രദമല്ലാതായി. പിന്നീട് സംഘാടകർ ക്ലാസ്മുറികൾ ഉൾപ്പെടെ വേദികളാക്കി പരിപാടികൾ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന മേള ശക്തമായ കാറ്റിലും മഴയിലും അലങ്കോലമായിരുന്നു. ഇതേതുടർന്ന് മേള മാറ്റി വെയ്ക്കുകയായിരുന്നു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും . ശനിയാഴ്ച കലോത്സവം സമാപിക്കും.
