ഉപ്പള(കാസർകോട്): മുള്ളന്‍പന്നിയെ പിടികൂടാനായി സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള പഴക്കംചെന്ന തുരങ്കത്തിൽ കയറി അകപ്പെട്ട യുവാവിന് ഒടുവിൽ ദാരുണ അന്ത്യം. ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക്ക് എന്ന രമേഷ് (35) ണ് മരിച്ചത്. തുരങ്കത്തിനകത്ത് ഒക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സേനാംഗങ്ങള്‍ യുവാവിനെ കണ്ടെത്തിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുരങ്കത്തിൽ മണ്ണിടിച്ചുണ്ടായതിനാൽ അതിൽ അകപ്പെട്ട് രമേഷ് മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് രമേഷ് തുരങ്കത്തിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല. ഇതേതുടർന്ന് കൂടെയുണ്ടായിരുന്ന മറ്റു നാലുപേർ ഗുഹക്കുള്ളിലേക്ക് കയറിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പുറത്തിറങ്ങി. അതിന് ശേഷം നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിവരികയായിരുന്നു.
തുരങ്കത്തിനകത്ത് പകുത്തി മണ്ണിൽമൂടിയ നിലയിലാണ് മൃതദേഹം. ഇത് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. തുരങ്കത്തിനകത്ത് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. അതും പകുതിവരെ മാത്രം പിന്നീടങ്ങോട്ട് തുരങ്കത്തിന്റെ അകത്തോട്ട് പോകണമെങ്കിൽ കുനിഞ്ഞും കിടന്നുവേണം. അതുകൊണ്ട്തന്നെ വളരെ പ്രയാസപ്പെട്ടാണ് സേനാംഗങ്ങള്‍ തുരങ്കത്തിനകത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഇനി മൃതദേഹം പുറത്തെടുക്കാനും അതിലധികം ശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്.