തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവരം; ഓണ അവധിയില്‍ വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവരം; ഓണ അവധിയില്‍ വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

ഓണാവധിക്കാലത്ത് വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് പോലീസ് ജില്ലകളില്‍ പട്രോളിങ് ശക്തമാക്കി. കണ്ടാല്‍ മാന്യന്‍മാരാണെന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തുക. കവലകളിലും ആഭരണ ശാലകളിലും, വസ്ത്ര ശാലകളിലും, മറ്റു കച്ചവട സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവര്‍ സംഘടിതമായി എത്തി ഓപ്പറേഷന്‍ നടത്തും.

പോക്കറ്റടിക്കു പുറമേ ബാഗിനുള്ളിലെ പണവും കഴുത്തിലെ മാലയും ഇവര്‍ മോഷ്ടിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇത്തരം സംഘത്തെ തിരിച്ചറിയാന്‍ പ്രയാസമാണെന്നു പോലീസ് പറയുന്നു. പുരുഷ മോഷ്ടാക്കളെക്കാള്‍ വിദഗ്ധമായാണു ബസുകളിലും മറ്റും വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനം. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചു യാത്രക്കാര്‍ക്കിടയിലൂടെ തിക്കിത്തിരക്കി കയറുന്ന സംഘം സ്ത്രീകളുടെ മാല, ബാഗ്, പഴ്‌സ് മുതലായവയാണ് ഉന്നം വയ്ക്കുന്നത്.

പരിചയം നടിച്ച് അടുത്തുകൂടി തട്ടിപ്പു നടത്തുന്നതും സംഘത്തിന്‍റെ രീതിയാണ്. അടുത്തിരിക്കുന്നവരോട് പരിചയ ഭാവം കാണിക്കും. ഡയലോഗുകള്‍ കാച്ചി വലയില്‍ വീഴ്ത്തും. സാരിത്തലപ്പ്, ചുരിദാര്‍ ഷാള്‍ എന്നിവ ഉപയോഗിച്ച് കൈയും ബാഗും മറയ്ക്കും. പിന്നെയാണു മോഷണത്തിന്‍റെ നമ്പര്‍ ഇറക്കുക. ചിലപ്പോള്‍ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ ഇവരുടെ കൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും. സിപ് തുറന്ന് ഉള്ളിലുള്ള പഴ്‌സും പൊതിയും അടിച്ചു മാറ്റുകയാണു ചിലരുടെ തന്ത്രം. മോഷ്ടാക്കള്‍ പോയിക്കഴിയുമ്പോള്‍ മാത്രമാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുക. ബസുകളില്‍ മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കി മോഷണം നടത്തുന്ന സംഘങ്ങളുമുണ്ടെന്നും പോലീസ് പറയുന്നു.

0Shares