കാസര്‍കോട്: നടുറോഡില്‍ പന്തല്‍ കെട്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം നയിച്ച സംഭവത്തില്‍ കര്‍ഷക സംഘം നേതാക്കള്‍ ഉള്‍പെടെ 500 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡണ്ട് പി ജനാര്‍ദനന്‍, സി.ഐ.ടി.യു നേതാവ് ടി കെ രാജന്‍, കര്‍ഷക സംഘം നേതാക്കളായ ഗോപാലന്‍, രവീന്ദ്രന്‍, രമേശന്‍, അബ്ദുല്‍ ഖാദര്‍, അനില്‍ കുമാര്‍, ബുജംഗ ഷെട്ടി തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസിന്റെ അനുമതിവാങ്ങാതെയാണ് സമരം നടത്തിയത്. പന്തല്‍ കെട്ടരുതെന്ന് ആവശ്യപ്പെട്ടിട്ടും പന്തല്‍ കെട്ടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഐ പി സി 143, 145, 147, 149, 283, 188, 117 (ഇ) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന എം.ജി റോഡില്‍ ജനറല്‍ ആശുപത്രിക്ക് മുന്നിലായി വണ്‍ വേ റോഡ് മുഴുവന്‍ ഷീറ്റ് പന്തലിട്ടാണ് കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സമരം നടത്തിയത്. കര്‍ഷകസംഘം നേതൃത്വത്തില്‍ നടത്തിയ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ അവരവരുടെ ബാനറുകള്‍ക്ക് കീഴില്‍ സമരപ്പന്തലിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ 12 മണിക്കൂറാണ് നടുറോഡില്‍ പന്തല്‍ കെട്ടി കര്‍ഷക സംഘം ജില്ലാകമ്മിറ്റി ഹെഡ്പോസ്റ്റോഫീസ് സമരം നടത്തിയത്. 12 മണിക്കൂറാണ് ഇതുമൂലം പൊതുജനങ്ങളും വാഹനയാത്രക്കാരും വലഞ്ഞത്. സമരത്തിനെതിരെ വിവിധ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തിരക്കുള്ള റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് പന്തല്‍ കെട്ടി ധര്‍ണ; സമരത്തില്‍ പങ്കെടുത്ത നേതാക്കളടക്കം 500 പേര്‍ക്കെതിരേ കേസ്