താൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്, ജോളി രഞ്ജിയെയും വധിക്കാന്‍ ശ്രമിച്ചു; കൂടത്തായി കേസിൽ വെളിപ്പെടുത്തലുമായി റോജോ

  • Post category:news
  • Reading time:1 min read
You are currently viewing താൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്, ജോളി രഞ്ജിയെയും വധിക്കാന്‍ ശ്രമിച്ചു; കൂടത്തായി കേസിൽ  വെളിപ്പെടുത്തലുമായി റോജോ

കൂടത്തായി കേസിലെ പ്രതി ജോളി തന്‍റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു സഹോദരന്‍ റോജോ തോമസ്. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്‍റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

രഞ്ജി തോമസിന് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പോലീസിന് നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിന് വെള്ളം കുടിച്ച ശേഷമായിരുന്നു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

അതേസമയം കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതില്‍ ആരോപണമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആഭരണങ്ങള്‍ കാണാതായതില്‍ ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന്‌സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണമായിരുന്നുവെന്നും സേവ്യര്‍ പറയുന്നു. സിലി സ്വര്‍ണം വിറ്റിട്ടില്ലെന്നും സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറയുന്നു.

0Shares