താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: കാലവര്‍ഷം നാശം വിതച്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, കോഴിക്കോട് താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. വെട്ടിയൊഴിഞ്ഞതോട്ടം സലീമിന്റെ മകള്‍ ദില്‍ന, മകന്‍ മുഹമ്മദ് ഷഹബാദ്, ജാഫറിന്റെ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. നാലു മീറ്റര്‍ വരെ തീരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ടാകും. വടക്കന്‍ കേരളത്തെ ഒന്നാകെ പിടിച്ചുലച്ച് കനത്ത മഴയും ഉരുള്‍പ്പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. താമരശ്ശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പ്പൊട്ടി. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. മാക്കൂട്ടത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് വയനാട്, കര്‍ണാടക ഭാഗത്തേക്കുള്ള പാതയില്‍ കഴിഞ്ഞ ദിവസം മുതല്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. അതിനിടേ മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മേഖലയില്‍ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മന്ത്രിയെ വഴിയില്‍ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.

0Shares