താമരശേരിയില്‍ ഉരുള്‍പൊട്ടലില്‍ 11പേരെ കാണാതായി; കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing താമരശേരിയില്‍ ഉരുള്‍പൊട്ടലില്‍ 11പേരെ കാണാതായി; കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: താമരശേരിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായി. നാലോളം വീടുകള്‍ മണ്ണിനടയിലായിട്ടുണ്ടെന്ന് പ്രദേശവാസികള്‍. താമരശേരി കരിഞ്ചോല സ്വദേശികളായ ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരേയും കുടുബാംഗങ്ങളേയുമാണ് കാണാതായത്. ഹസന്റ കുടുംബത്തിലെ ഏഴ് പേരും, അബ്ദുള്‍ റഹ്മാന്റ കുടുംബത്തിലെ നാല് പേരും മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണിനടിയില്‍ നിന്നും രാവിലെ 10.45 ഓടെ പുറത്തെടുത്ത രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) രാവിലെ മരണമടഞ്ഞിരുന്നു. ദില്‍നയുടെ സഹോദരന്‍ നാലുവയസ്സുകാരന്‍, ഇവരുടെ ബന്ധുവായ ജാഫര്‍ എന്നയാളുടെ മകന്‍ എന്നിവരാണ് മരിച്ചത്. അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്നതാണ് ഈ കുട്ടി. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.ഒരു കുട്ടിയെ കൂടി പുറത്തെടുത്തിട്ടുണ്ട്. എട്ടു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണോ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയോ എന്ന് വ്യക്തമല്ല. പുലര്‍ച്ചെ നടന്ന ദുരന്തമായതിനാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതോടെ ഇവരുടെ സ്ഥിതിയില്‍ ആശങ്ക വര്‍ധിക്കുകയാണ്. നാല് വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെങ്കിലും രണ്ട് വീടുകളില്‍ മാത്രമാണ് ആളുകള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ സ്ഥീരീകരണമായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്ത്തനം മന്ദഗതിയിലാണ്. പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടുവരും. നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് മംഗല ഡാം, കോഴിക്കോട് കക്കയം ഡാം തിരുവനന്തപുരം നെയ്യാര്‍ ഡാം എന്നിവയാണ് തുറന്നുവിടാന്‍ സാധ്യതയെന്ന് അറിയിച്ചു.

0Shares