തിരുവനന്തപുരം: നന്തന്‍കോട് റിട്ടയേര്‍ഡ് വനിതാ ഡോക്ടറും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കായി അന്യസംസ്ഥാത്തേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ്. കന്റോണ്‍മെന്റ് അസിസസ്റ്റന്റ് കമ്മീഷണര്‍ കെ. ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ് അന്വേഷണം നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയറിംങില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ 2009ലാണ് കേരളത്തിലെത്തുന്നത്. വീഡിയോ ഗെയ്മിങ് പ്രോഗ്രാമുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി ജോലി ചെയ്തു വരികയായിരുന്നു കേഡല്‍. സഹോദരി കരോളിന്‍ ഏതാനും ദിവസം മുമ്പാണ് ചൈനയില്‍ നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി എത്തിയത്. ജനറല്‍ ആശുപത്രിയില്‍ ആര്‍എംഒ ആയിരുന്ന ഡോ. ജീന്‍പത്മ സ്വയം വിരമിച്ച് വിദേശത്ത് ജോലി നോക്കിയിരുന്നു. കരാടിസ്ഥാനത്തിലായിരുന്നു ഡോക്ടര്‍ ജീന്‍പത്മ ജോലി നോക്കിയിരുന്നത്. കാലാവധി തീര്‍ന്ന് നാട്ടിലെത്തിയതായിരുന്നു ഇവര്‍. വീണ്ടും അവിടേക്ക് തിരികെ പോകാനിരുന്നത് കേഡല്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

വീട്ടില്‍ നടത്തിയ അരും കൊലയ്ക്ക് ശേഷം രണ്ടു ദിവസത്തോളം കേഡല്‍ ഹോട്ടലില്‍ നിന്ന് ബിരിയാണിയും ഷവര്‍മ്മയും വാങ്ങി കഴിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം നാടു വിട്ട കേഡലിനു വേണ്ടി ലുക്ക്ൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് മ്യൂസിയം പോലീസ്. ഫോണും കമ്പ്യൂട്ടറും വീട്ടില്‍ ഉപേക്ഷിച്ച് പോയ ഇയാള്‍ ഇതിനോടകം തന്നെ മറ്റൊരു ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സ്ഥലങ്ങള്‍ വാങ്ങികൂട്ടുന്നത് ഹോബിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടര്‍ ജീന്‍ പത്മയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ഉണ്ട്. തമിഴ്‌നാട്ടില്‍ ഇവര്‍ക്കുള്ള റബ്ബര്‍തോട്ടത്തില്‍ നിന്ന് അവിടുത്തെ നോട്ടക്കാരന്‍ നല്‍കിയ മുക്കാല്‍ ലക്ഷത്തോളം രൂപ ഇയാളുടെ കൈവശമുള്ളതായി പൊലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്രയും വലിയ കൃത്യം നടക്കുമ്പോള്‍ ആരുടെയും ശബ്ദം പുറത്ത് കേള്‍ക്കാത്തതിനാല്‍ ഭക്ഷണത്തില്‍ വിഷം നല്‍കി മയക്കി കിടത്തിയാകും മൂവരെയും കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ കത്തിച്ച ശേഷം രാത്രിയില്‍ പറമ്പില്‍ മറവ് ചെയ്യാനായിരുന്നു കേഡല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാത്രിയില്‍ ആളനക്കം കേട്ട അയല്‍വാസി എഴുന്നേറ്റത് പദ്ധതിയെ താറുമാറാക്കി.

ഏതുവിധേനയും മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം വീടിനുള്ളില്‍ തന്നെ കത്തിക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയിലാണ് കേഡലും സഹോദരിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീടിന്റെ താഴെ നിലയില്‍ താമസിച്ചിരുന്ന ഇളയമ്മ മുകള്‍ നിലയിലേക്ക് പോവുന്നത് തടയുന്നതിനാണ് ഇവരെയും കൊലപ്പെടുത്തിയതെന്നാണ് നിഗമനം. മൃതദേഹം പരമാവധി വികൃതമാക്കിയത് എത്രപേരാണ് മരിച്ചതെന്ന് മനസ്സിലാക്കാന്‍ പോലീസിന് കുറച്ചധികം സമയം എടുക്കാന്‍ വേണ്ടിയാണെന്ന് കരുതുന്നു. ഈ സമയത്തിനുള്ളില്‍ ഒളിവില്‍ കഴിയാനുള്ള സ്ഥലത്തെത്താന്‍ സാധിക്കും എന്നത് കേഡലിന്റെ ക്രിമിനല്‍ ബുദ്ധിയെ എടുത്തു കാട്ടുന്നു. ഗത്യന്തരമില്ലാതെയാണ് ഇയാള്‍ മൃതദേഹം കത്തിച്ചത് എന്നു വേണം കരുതാന്‍. വീടിനുള്ളില്‍ തീ പടരുകയും കേഡലിന്റെ കാലില്‍ പൊള്ളലേല്‍ക്കുകയും ചെയ്തത് തെളിഞ്ഞിട്ടുണ്ട്. കേഡലിനെ കണ്ടെത്തിയാല്‍ മാത്രമേ കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള വ്യക്തമായ കാരണമറിയാന്‍ സാധിക്കുകയുള്ളൂ.