തലയ്ക്കടിച്ച് കൊന്ന ശേഷം മുണ്ടില്‍ പൊതിഞ്ഞു; മുകള്‍നിലയില്‍ നിന്ന് വലിച്ചിഴച്ച് വിറകുപുരയില്‍ കൊണ്ടുവന്ന് കത്തിച്ചു; തൃശൂരില്‍ എണ്‍പതുകാരിയായ ഭാര്യയെ 91 കാരനായ ഭര്‍ത്താവ് കൊന്നത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing തലയ്ക്കടിച്ച് കൊന്ന ശേഷം മുണ്ടില്‍ പൊതിഞ്ഞു; മുകള്‍നിലയില്‍ നിന്ന് വലിച്ചിഴച്ച് വിറകുപുരയില്‍ കൊണ്ടുവന്ന് കത്തിച്ചു; തൃശൂരില്‍ എണ്‍പതുകാരിയായ ഭാര്യയെ 91 കാരനായ ഭര്‍ത്താവ് കൊന്നത് ഇങ്ങനെ

തൃശൂര്‍: മറ്റത്തൂരില്‍ 80 കാരിയായ ഭാര്യയെ 91 കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് കൊല നടന്നതെന്നും പൊലീസ് പറയുന്നു. നാലു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. എന്നാല്‍ വ്യാഴാഴച്ച വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്നും ത്രേസ്യക്കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പൂര്‍ണമായും കത്തിച്ച നിലയിലായിരുന്നു.
കൊച്ചുത്രേസ്യയും ഭര്‍ത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. ഏഴുപേരും വേറെ വീടുകളിലാണ് താമസം. ഇരുവരും നിരന്തരമായി വഴക്കിലായിരുന്നുവെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നാലുദിവസം മുമ്പും വഴക്കുണ്ടായപ്പോള്‍ വടികൊണ്ട് ചെറിയക്കുട്ടി കൊച്ചുത്രേസ്യയുടെ തലയിലടിച്ചു. മരിച്ചെന്നു മനസിലായപ്പോള്‍ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെത്തിച്ച് കത്തിച്ചു. ഗോവണിപ്പടിയിലെ ചോരപ്പാടുകള്‍ ചെറിയക്കുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്.കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല അഴിച്ചെടുത്ത് കുഴിച്ചിട്ടു. അമ്മയെ കാണാനില്ലെന്ന് മക്കള്‍ വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര എസ്.ഐ. എസ്.എല്‍. സുധീഷ് വീടിനു പുറകിലും പരിസരത്തും നടത്തിയ അന്വേഷണത്തിലാണ് കത്തിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ചെറിയക്കുട്ടിയെ ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മക്കള്‍: ജെസി, ജെയ്സന്‍, ജോസ്, ജോണ്‍സണ്‍, ചുമ്മാര്‍, മോളി, ജോബി.

0Shares