തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്‌ലീങ്ങൾക്ക് പകരം അഞ്ചേക്കര്‍ ഭൂമി നൽകും; അയോധ്യ സുപ്രീം കോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്‌ലീങ്ങൾക്ക് പകരം അഞ്ചേക്കര്‍ ഭൂമി നൽകും;  അയോധ്യ സുപ്രീം കോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ

അയോധ്യാ കേസില്‍ ചരിത്രപരമായ വിധി പറഞ്ഞ് സുപ്രീം കോടതി.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്‌ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി. മുസ്‌ലീങ്ങള്‍ക്ക് പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റിൽ നിർമോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.

ബാബ്റി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിന്‍റെ അവശിഷ്ടത്തിന് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഇതിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നിർണയിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാൽ പോലും കോടതിയ്ക്ക് അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം നൽകാൻ കഴിയില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് രൂപികരിക്കാൻ പറഞ്ഞത്.

കേസിൽ ഐക്യകണ്ഠേനയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ബാബ്റി മസജിദിന്‍റെ ചരിത്രത്തെക്കുറിച്ച് വിശദീകരിച്ചാണ് വിധിയുടെ മുഖ്യ ഭാഗങ്ങളിലേക്ക് സുപ്രീം കോടതി കടന്നത്. വിഗ്രഹങ്ങൾ 1949 ലാണ് ബാബ്റി മസ്ജിദിൽ കൊണ്ടുവെച്ചതെന്ന് കോടതി പറഞ്ഞു. വിശ്വാസമല്ല ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതിയെ നയിക്കുക. മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

അയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണമായ കേസില്‍ ശാശ്വതമായ പരിഹാരം കാണുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രാജ്യവ്യാപകമായി കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാര്‍ക്കും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നത്.

0Shares